മലപ്പുറം: കുറ്റിപ്പുറം പെരുമ്പറമ്പിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ അപകടം. ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന എടച്ചലം സ്വദേശി റസാഖ്, പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരണപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.
ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന യാത്രക്കാരെ നിസ്സാര പരുക്കുകളോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് പ്രദേശത്ത് മഴയുണ്ടായിരുന്നത് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചതായി കരുതുന്നു. പൊലിസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.