കൊച്ചി: അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന് ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്. 29 വയസുകാരിയായ യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. പെൺകുഞ്ഞുണ്ടായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ഭർത്താവ് പറഞ്ഞതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു.2020 -ൽ വിവാഹം കഴിഞ്ഞ ഇരുവർക്കും 2021 -ലാണ് പെൺകുഞ്ഞ് ജനിക്കുന്നത്. ഇതിന്റെ പേരിൽ നാല് വർഷത്തോളം പല കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് ഭാര്യയെ ക്രൂരമായി മർദിച്ചിരുന്നത്. എന്നാൽ ഇക്കാര്യങ്ങളൊന്നും യുവതി ആരെയും അറിയിച്ചിരുന്നില്ല. യുവതി ആശുപത്രിയിൽ ചികിത്സ തേടിയതോടെ, ആശുപത്രി അധികൃതർക്ക് തോന്നിയ സംശയത്തിനൊടുവിലാണ് കാര്യം വ്യക്തമായത്.
ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു. ഗാർഹിക പീഡനമെന്നാണ് ആദ്യം പൊലീസ് കരുതിയത്. എന്നാൽ പെൺകുഞ്ഞ് ജനിച്ചതിന്റെ പേരിലാണ് ക്രൂരമർദനം നേരിട്ടതെന്ന് യുവതി തന്നെ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി വ്യക്തമാക്കി. ഇയാൾക്കെതിരെ അങ്കമാലി പൊലീസ് കേസെടുത്തിട്ടുണ്ട്.