പേരാമ്പ്ര : പേരാമ്പ്ര സംഘർഷത്തിൽ ആരോപണ വിധേയരായ രണ്ട് ഡിവൈഎസ്പി മാർക്ക് സ്ഥലം മാറ്റം. പേരാമ്പ്ര ഡിവൈഎസ്പി സുനിൽകുമാറിനും വടകര ഡിവൈഎസ്പി ആർ ഹരിപ്രസാദിനും ആണ് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡിവൈഎസ്പി മാരുടെ പൊതു സ്ഥലംമാറ്റത്തിൻ്റെ ഭാഗമായാണ് ഇരുവർക്കും ട്രാൻസ്ഫർ നൽകിയത്. പേരാമ്പ്ര ഡിവൈഎസ്പി സുനിൽകുമാറിനെ ക്രൈം ബ്രാഞ്ചിലേക്കും വടകര ഡിവൈഎസ്പി ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് എസിപിയായുമാണ് സ്ഥലം മാറ്റിയത്.
അതേ സമയം, പേരാമ്പ്രയിൽ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതിന്‍റെ മുഖ്യകാരണം യുഡിഎഫ് പ്രകടനം കടന്ന് പോകാന്‍ അനുവദിക്കില്ലെന്ന പൊലീസിന്‍റെ പിടിവാശിയെന്ന് കണ്ണീര്‍വാതക ഷെല്‍ വീണ് മുഖത്ത് സാരമായി പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിയാസ്. തന്‍റെ മുഖത്തിന്‍റെ വലത് ഭാഗത്ത് വീണാണ് ഷെല്‍ പൊട്ടിയത്. ജീവന്‍ പോയെന്നാണ് കരുതിയതെന്നും വലത് കണ്ണിന് കാഴ്ച പ്രശ്നമുണ്ടെന്നും നിയാസ് പറഞ്ഞു. ദിവസങ്ങള്‍ നീണ്ട ആശുപത്രി വാസത്തിന് ശേഷം നിയാസ് ഇന്നാണ് ആശുപത്രി വിടുന്നത്. നിയാസിന്‍റെ മൂക്കിന്‍റെ എല്ലുകള്‍ക്കും കണ്ണിനുമാണ് സാരമായി പരിക്കേറ്റതെന്ന് നിയാസിനെ ചികില്‍സിച്ച ഡോക്ടര്‍ സെബിന്‍ വി തോമസ് പറഞ്ഞു. ശസ്ത്രക്രിയയിലൂടെ എല്ലുകള്‍ക്കുണ്ടായ തകരാര്‍ പരിഹരിക്കാനായതായും ഡോക്ടര്‍ പറഞ്ഞു