പൂനൂർ: പള്ളുരുത്തി സ്കൂളിലെ വിദ്യാർഥിനിക്ക് ഹിജാബ് വിലക്കേർപ്പെടുത്തിയ സംഭവം മതനിരപേക്ഷ സമൂഹത്തിന് യോജിക്കാത്തതും ഭരണഘടന പൗരന് നൽകുന്ന മൗലികാവകാശ ലംഘനവുമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച മുജാഹിദ് മണ്ഡലം പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.
കുടുംബം, ധാർമികത, സമുഹം എന്ന |പ്രമേയത്തിൽ പൂനൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിലാണ് മണ്ഡലം കമ്മിറ്റി മുജാഹിദ് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചത്.
ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കുകയും, അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിച്ച് സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടുകയും ചെയ്യുന്ന വിഭാഗങ്ങൾക്കെതിരെ എല്ലാവരും ജാഗ്രത പുലർത്തണം.
ഒരു വിഭാഗങ്ങളുടെയും മൗലികാവകാശങ്ങൾ നിഷേധിച്ച് കൊണ്ടല്ല യൂണിഫോം സംവിധാനം ലോകത്ത് നടപ്പിലാക്കി വരുന്നത് എന്നത് സമൂഹം ഗൗരവമായി മുഖവിലക്കെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പള്ളുരുത്തി ഹിജാബ് വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് സ്വികരിച്ച നടപടികൾ സ്വാഗതാർഹമാണെന്നും, സമാനമായ സംഭവങ്ങൾ കേരളത്തിലെ മറ്റിടങ്ങളിൽ ഉള്ളത് അവസാനിപ്പിക്കാനും, എല്ലാവരുടെയും മൗലികാവകാശങ്ങൾ സംരക്ഷിക്കാനും വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണമെന്നും മുജാഹിദ് മണ്ഡലം പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അൻഫസ് മുക്റം ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ സെക്രട്ടറി കെ ജമാൽ മദനി അധ്യക്ഷത വഹിച്ചു. വിസ്ഡം സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. യാസീൻ അബൂബക്കർ, ഷമീർ മൂടാടി, മൂനിസ് അൻസാരി, സി.പി സാജിദ്, വി.കെ ഉനൈസ് സ്വലാഹി വിഷയങ്ങൾ അവതരിപ്പിച്ചു. സംസം അബ്ദുറഹിമാൻ വി.സി മുഹമ്മദ് മാസ്റ്റർ, വി.കെ മുജീബ്, സി.പി മുബശിർ, അബ്ദുല്ല സബാഹ്,സി.പി അമീൻ സംസാരിച്ചു.