എറണാകുളം: മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ചേട്ടൻ അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി. എറണാകുളം ചോറ്റാനിക്കരയിലാണ് നാടിനെ നടുക്കിയ സംഭവം. ഇന്നലെ വൈകിട്ടായിരുന്നു ഈ ക്രൂരകൃത്യം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ അനിയൻ മണികണ്ഠൻ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച ചേട്ടൻ മാണിക്യനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പാർക്കിങ് ഗ്രൗണ്ടിൽവെച്ചാണ് സംഭവം നടന്നത്. ചോറ്റാനിക്കരയിലെ വാടക വീട്ടിൽ താമസിക്കുന്ന ഇരുവരും മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. പുറത്തേക്ക് പോയ മാണിക്യൻ ഉടൻതന്നെ കുപ്പിയിൽ പെട്രോളുമായി തിരിച്ചെത്തി മണികണ്ഠന്റെ ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
പൊലിസ് ഉടൻ തന്നെ പ്രതിയായ മാണിക്യനെ കസ്റ്റഡിയിലെടുത്തു. ചോറ്റാനിക്കര പൊലിസ് കൊലപാതക ശ്രമത്തിന് (307-ാം വകുപ്പ്) കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യക്തിപരമായ വാക്കുതർക്കങ്ങളാണ് അതിക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.