കൊച്ചി: സർവകാല റെക്കോഡിൽനിന്ന് തുടർച്ചയായി രണ്ടാം തവണയും സ്വർണവില കുറഞ്ഞു. ഇന്ന് (ഒക്ടോ. 20) പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 95,840 രൂപയും ഗ്രാമിന് 11,980 രൂപയുമായി. അന്താരാഷ്ട്ര സ്വർണവില ട്രോയ് ഔൺസിന് 4,262.59 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റ് സ്വർണം ഗ്രാമിന് ഇന്ന് 10 രൂപ കുറഞ്ഞ് 9905 രൂപയാണ് വില. 14 കാരറ്റിന് 7680 രൂപയും ഒമ്പത് കാരറ്റിന് 4970 രൂപയുമായി കുറഞ്ഞു. വെള്ളിവില ഗ്രാമിന് 14 രൂപ കുറഞ്ഞ് 180 രൂപയായി.
ശനിയാഴ്ച കേരളത്തിൽ പവന് 1400 രൂപയും ഗ്രാമിന് 175 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാമിന് 11,995 രൂപയും പവന് 95,960 രൂപയുമായിരുന്നു വില. ഇതേ വില തന്നെയായിരുന്നു ഇന്നലെയും. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില കുറഞ്ഞത്. ഒരു ലക്ഷം കടക്കാൻ വെറും 2640 രൂപ മാത്രം ബാക്കിനിൽക്കെയാണ് സ്വർണ വില കൂപ്പുകുത്തിയത്.
വെള്ളിയാഴ്ചയാണ് സ്വർണം സർവകാല റെക്കോഡിൽ എത്തിയത്. ഗ്രാമിന് 305 രൂപയും പവന് 2440 രൂപയുമാണ് അന്ന് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് വില 12,170 രൂപയായും പവന് 97360 രൂപയുമായിരുന്നു.