തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടാൻ ആലോചന. 200 രൂപ കൂട്ടി പ്രതിമാസ പെൻഷൻ 1800 രൂപയാക്കണമെന്ന നിര്‍ദ്ദേശമാണ് ധനവകുപ്പ് സജീവമായി പരിഗണിക്കുന്നത്. പെൻഷൻ വര്‍ദ്ധനവ് അടക്കം വിവിധ ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളപ്പിറവി ദിനത്തിൽ തന്നെ ഉണ്ടാകാനാണ് സാധ്യത.
സംസ്ഥാനത്തെ 60 ലക്ഷം പേരിലേക്ക് നേരിട്ടെത്തുന്നതാണ് ക്ഷേമ പെൻഷൻ. ഘട്ടം ഘട്ടമായി 2500 രൂപയാക്കി പെൻഷൻ കൂട്ടുമെന്നത് ഇടതുമുന്നണി പ്രകടന പത്രികയിലെ വലിയ വാഗ്ദാനങ്ങളിലൊന്നുമാണ്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാനകാലത്ത് 2021ലാണ് അവസാനമായി പെൻഷൻ കൂട്ടിയതും 1600 രൂപയാക്കിയതും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പിന്നീടതിൽ വര്‍ദ്ധനവൊന്നും ഉണ്ടായിട്ടില്ല. ഒന്നിന് പുറകെ ഒന്നായി രണ്ട് തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് പെൻഷൻ കൂട്ടുന്ന പ്രഖ്യാപനത്തിന് ധനവകുപ്പിൽ ഒരുക്കം നടക്കുന്നത്. 200 രൂപയെങ്കിലും കൂട്ടി പെൻഷൻ 1800 രൂപയാക്കാനുള്ള നിര്‍ദ്ദേശം വകുപ്പിന്‍റെ സജീവ പരിഗണനയിലാണ്. ഇതോടൊപ്പം ഒരു മാസത്തെ കുടിശിക തീര്ത്ത് കൊടുക്കാനുള്ള തീരുമാനവും പ്രതീക്ഷിക്കുന്നുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലും ഡിഎ കുടിശികയിലും ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വർദ്ധനയിലും എല്ലാം നിര്‍ണ്ണായക പ്രഖ്യാപനങ്ങളും ഉണ്ടാകാനിടയുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങൾ നൽകുന്ന സൂചന. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇടത് സര്‍വ്വീസ് സംഘടനകൾ കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഇത് സര്‍ക്കാര്‍ നീക്കം മുന്നിൽ കണ്ടാണെന്ന സൂചനയും ഉണ്ടായിരുന്നു.