വാഷിംഗ്‌ടൺ: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ ചുമത്തിയിട്ടുള്ള ഉയർന്ന തീരുവ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോടു പറഞ്ഞതായി ട്രംപ് ആവർത്തിച്ചു.
എന്നാൽ ട്രംപും മോദിയും തമ്മിൽ ഇക്കാര്യത്തിൽ സംസാരിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചപ്പോൾ അവർ അങ്ങനെയാണ് പറയുന്നതെങ്കിൽ അവർ വൻതോതിലുള്ള തീരുവകൾ നൽകുന്നത് തുടരുമെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 50% തീരുവ ചുമത്തിയതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും യുഎസും തമ്മിൽ നടക്കുന്ന വ്യാപാര ചർച്ചകൾക്കിടെയാണ് ട്രംപിന്റെ ഏറ്റവും പുതിയ പ്രസ്‌താവന.
റഷ്യയുമായി എണ്ണ വ്യാപാരം നടത്തുന്നതിന് ഇന്ത്യയ്ക്ക് അധിക പിഴയായി 25% തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചിരുന്നു. അത് ഓഗസ്‌റ്റിൽ നിലവിൽ വരികയും ചെയ്തു.