മലപ്പുറം: അന്ധനായി അഭിനയിച്ച് ഭിക്ഷാടനം നടത്തി വന്നയാളുടെ കള്ളത്തരം പൊളിച്ച് നാട്ടുകാർ. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. കോട്ടയം സ്വദേശി ഹംസയാണ് കണ്ണ് കാണില്ലെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ചത്. എന്നാൽ അന്ധനായി അഭിനയിച്ച് ഭിക്ഷാടനം നടത്തിയ ഹംസയുടെ കള്ളത്തരം നാട്ടുകാർ പൊളിച്ചു. ആളൊഴിഞ്ഞ സ്ഥലത്തിരുന്ന് കിട്ടിയ കാശ് എണ്ണുന്നത് നാട്ടുകാർ കണ്ടതോടെ ഹംസയെ കയ്യോടെ പിടികൂടുകയായിരുന്നു.
രണ്ട് മാസം മുമ്പാണ് ഹംസ വളാഞ്ചേരിയിൽ ഭിക്ഷാടനത്തിന് എത്തിയത്. കറുത്ത കണ്ണടയും വച്ച് അന്ധനാണെന്നും പറഞ്ഞായിരുന്നു പ്രദേശത്ത് ഭിക്ഷാടനം. ആളുകളൊക്കെ കാശും കൊടുത്തു. കണ്ണ് കാണാത്തവർക്കായുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് അനുകമ്പ തോന്നിയ ചില നാട്ടുകാർ പറഞ്ഞെങ്കിലും ഹംസ ഇത് നിരസിച്ചു. ഇതോടെയാണ് വളാഞ്ചേരിക്കാർക്ക് സംശയം തോന്നി തുടങ്ങിയത്.
ഇന്നലെ പുലർച്ചെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഹംസ പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടു. പിന്നെ കാണുന്നത് കറുത്ത കണ്ണട ഊരി മാറ്റിയ ശേഷം കൈവശമുണ്ടായിരുന്ന പണം എണ്ണുന്നതാണ്. ഇതോടെ പ്രദേശവാസികൾ ഹംസയെ വളഞ്ഞു. കള്ളത്തരം കയ്യോടെ പിടിച്ചപ്പോൾ ഹംസയ്ക്കും ഒടുവിൽ സമ്മതിക്കേണ്ടി വന്നു.