തൃശ്ശൂർ: മദ്യമാണെന്ന് കരുതി കളനാശിനി കുടിച്ച 50 വയസുകാരൻ തീവ്രപരിചരണ വിഭാഗത്തിൽ. തൃശ്ശൂർ നടത്തറയിലാണ് സംഭവം. സുഹൃത്തിന്റെ വീടിനു സമീപം വെച്ചിരുന്ന കുപ്പിയിലുള്ളത് മദ്യമാണെന്ന് കരുതിയാണ് കുടിച്ചത്. വീടിനടുത്ത് മദ്യമിരിപ്പുണ്ടെന്ന് സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ഇദ്ദേഹം പോയത്. ഈ സമയം അവിടെ സുഹൃത്തില്ലായിരുന്നു. വീടിനു സമീപം നോക്കിയപ്പോൾ ഒരു കുപ്പി കണ്ടു.
രാത്രിയായതിനാൽ മദ്യമാണെന്ന് തെറ്റിദ്ധരിച്ച് കുടിച്ചപ്പോഴാണ് കളനാശിനിയാണെന്ന് മനസിലായത്. അബദ്ധം മനസിലായതോടെ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിച്ചു. തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ചികിത്സ നൽകിയത് ഫലപ്രദമാകാത്തതിനാൽ എറണാകുളത്തെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇപ്പോൾ അവിടെ ഐ സി യു വിൽ ചികിത്സയിലാണ്.