കൊച്ചി: ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന നിബന്ധന സ്‌കൂളില്‍ ചേരുമ്പോള്‍ അധികൃതര്‍ അറിയിച്ചിട്ടില്ലെന്ന് പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാര്‍ഥിനിയുടെ പിതാവ് അനസ് നൈന. ഇത്തരത്തിലുള്ള ഒരു പേപ്പറിലും താന്‍ ഒപ്പു വെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അഫ്‌സല്‍.എം എന്നയാള്‍ നടത്തിയ ഫോണ്‍ അഭിമുഖത്തിലാണ് അനസ് നൈന ഇക്കാര്യങ്ങള്‍ വിശദമാക്കുന്നത്. കുട്ടിയുടെ പിതാവുമൈായി നടത്തിയ അഭിമുഖം പിന്നീട് അഫസല്‍ ഫേസ്ബുക്കില്‍ പങ്കു വെക്കുകയായിരുന്നു.
സ്‌കൂള്‍ ആരംഭിച്ചതു മുതല്‍ കുട്ടി ഹിജാബ് ധരിക്കാതെയാണ് പോയിരുന്നതെന്ന അധികൃതരുടെ വാദത്തേയും അദ്ദേഹം തള്ളുന്നു. 'തെറ്റായ കാര്യമാണത്. സ്‌കൂളില്‍ ഹിജാബ് ധരിച്ചാണ് മകള്‍ പോയിരുന്നത്. എന്നാല്‍ ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ അനുവാദം ഇല്ലാതിരുന്നതിനാല്‍ മകള്‍ ഹിജാബ് അഴിച്ചു വെച്ചാണ് ക്ലാസില്‍ ഇരുന്നിരുന്നത്. അതില്‍ മാനസിക പ്രയാസവും മകള്‍ക്ക് ഉണ്ടായിരുന്നു'- അനസ് നൈന പറയുന്നു. രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ഉള്‍പെടെ പുറത്തു നിന്നുള്ളവരാരും തനിക്ക് മേല്‍ ഒരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരം ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.