സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഹൃദയശസ്ത്രക്രിയാ പ്രതിസന്ധി രൂക്ഷമാകുന്നു. ഉപകരണ വിതരണക്കാർക്കുള്ള കുടിശ്ശിക കൃത്യമായി നൽകാത്തതിനെ തുടർന്ന് സ്റ്റോക്കിലുള്ള ഉപകരണങ്ങൾ തിരിച്ചെടുക്കാനായി വിതരണക്കാർ ആശുപത്രികളിലെത്തി. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലും എറണാകുളം ജനറൽ ആശുപത്രിയിലുമാണ് വിതരണക്കാർ ഉപകരണങ്ങൾ തിരിച്ചെടുക്കാൻ എത്തിയത്.
പ്രതിസന്ധി ഏറ്റവും രൂക്ഷമായ കോഴിക്കോട് മെഡിക്കൽ കോളേജിൽ വിതരണക്കാർ കാർഡിയോളജി വിഭാഗം എച്ച്.ഒ.ഡി.യുമായി ചർച്ച നടത്തി. ഏകദേശം 4 കോടി രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരികെ നൽകണമെന്നാണ് വിതരണക്കാർ ആവശ്യപ്പെട്ടത്. എന്നാൽ, നിലവിൽ സ്റ്റോക്കിലുള്ള ഉപകരണങ്ങൾ തിരികെ നൽകില്ലെന്ന നിലപാടാണ് ആശുപത്രി അധികൃതർ സ്വീകരിച്ചത്. വൈകുന്നേരം വീണ്ടും ചർച്ച നടത്തുമെന്ന് വിതരണക്കാർ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ 21 ആശുപത്രികൾക്കായി ഉപകരണ വിതരണക്കാർക്ക് 158 കോടിയോളം രൂപയാണ് സെപ്റ്റംബർ 1 വരെ കുടിശ്ശിക നൽകാനുണ്ടായിരുന്നത്. ഇതിൽ ഏകദേശം 30 കോടി രൂപ മാത്രമാണ് ഇതുവരെ സർക്കാർ നൽകിയത്. ഇതിനെ തുടർന്ന് സെപ്റ്റംബർ 1 മുതൽ തന്നെ വിതരണക്കാർ പുതിയ ഉപകരണങ്ങളുടെ വിതരണം നിർത്തിവെച്ചിരുന്നു. നേരത്തെ നൽകിയിരുന്ന സ്റ്റോക്കുകൾ ഉപയോഗിച്ചാണ് നിലവിൽ പ്രധാന മെഡിക്കൽ കോളേജുകളിലെ ഹൃദയശസ്ത്രക്രിയകൾ നടന്നുവരുന്നത്. ഈ സ്റ്റോക്കുകൾ കൂടി തിരിച്ചെടുക്കുന്നതോടെ സർക്കാർ ആശുപത്രികളിലെ ഹൃദയശസ്ത്രക്രിയകൾ പൂർണ്ണമായും മുടങ്ങുന്ന അവസ്ഥയിലേക്ക് എത്തും.
സംസ്ഥാനത്ത് നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധി കാരണമാണ് വിതരണക്കാർക്കുള്ള കുടിശ്ശിക തീർക്കാൻ കഴിയാത്തതെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം. ധനവകുപ്പിൽ നിന്ന് കൃത്യ സമയത്ത് പണം ലഭിക്കുന്നില്ലെന്നും ആരോഗ്യവകുപ്പ് പറയുന്നു. കുടിശ്ശിക നൽകാനുള്ള കാരണം സൗജന്യ ചികിത്സ നൽകുന്നതാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ശസ്ത്രക്രിയ ഉപകരണ വിതരണത്തിലെ കുടിശ്ശിക പ്രശ്നം സർക്കാർ തലത്തിൽ ചർച്ച ചെയ്ത് ഉടൻ പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികളിൽ പ്രതിദിനം നിരവധി ഹൃദയശസ്ത്രക്രിയകളാണ് നടക്കുന്നത്. ഉപകരണങ്ങൾ തിരിച്ചെടുക്കുന്നതോടെ ഈ ആശുപത്രികളിൽ അടിയന്തര ശസ്ത്രക്രിയകൾ പോലും മുടങ്ങുകയും രോഗികൾ വലിയ പ്രതിസന്ധി നേരിടുകയും ചെയ്യും. പലപ്പോഴും ഉപകരണങ്ങളുടെ ലഭ്യതക്കുറവ് കാരണം ശസ്ത്രക്രിയകളുടെ തീയതി മാറ്റിവെക്കുന്നത് രോഗികളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.