കൊച്ചി: റെക്കോര്‍ഡ് ഉയരത്തിലെത്തിയ ശേഷം താഴേക്ക് വന്ന് കേരളത്തിലെ സ്വര്‍ണ വില. രാവിലെ 1,520 രൂപ വര്‍ധിച്ച് 97,360 രൂപയില്‍ റെക്കോര്‍ഡിട്ട സ്വര്‍ണ വില ഉച്ചയ്ക്ക് കുറഞ്ഞത് 1,600 രൂപ. പവന് 95,760 രൂപയായി. ഗ്രാമിന് 200 രൂപ കുറഞ്ഞു 11,970 രൂപയായി.
ലാഭമെടുപ്പിനെ തുടര്‍ന്ന് രാജ്യാന്തര വില കുറഞ്ഞതാണ് കേരളത്തില്‍ ഉച്ചയ്ക്ക് ശേഷം വില കുറയാന്‍ കാരണം. ഇന്നലെ രാവിലെ വ്യാപാരത്തിനിടെ 4,263 ഡോളറായിരുന്നു ഒരു ഔണ്‍സ് സ്വര്‍ണത്തിന്‍റെ വില. ഇന്ന് 4,376 ഡോളര്‍ വരെ കുതിച്ചു കയറിയതോടെ രാവിലെ വില വര്‍ധിച്ചു. തുടര്‍ന്നുണ്ടായ ശേഷം ലാഭമെടുക്കലില്‍ വില 4,200 ഡോളറിന് താഴേക്ക് പോയി. ഇതാണ് ഉച്ചയ്ക്ക് ശേഷം കേരളത്തില്‍ വില കുറയാന്‍ കാരണം.
യു.എസ് –ചൈന വ്യാപാര കരാറില്‍ പ്രതീക്ഷ പുലര്‍ത്തുന്ന ട്രംപിന്‍റെ വാക്കുകളോടെ സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന ഡിമാന്റ് കുറഞ്ഞു. വീണ്ടും റെക്കോര്‍ഡിന് അടുത്തെത്തിയതോടെ നിക്ഷേപകര്‍ ലാഭമെടുത്തതും വിലയെ താഴേക്ക് എത്തിച്ചു. അടുത്താഴ്ച ദക്ഷിണകൊറിയയില്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ ശക്തവും നീതിയുക്തവുമായ കരാര്‍ പ്രതീക്ഷിക്കുന്നു എന്നാണ് ട്രംപ് പ്രത്യാശപ്രകടിപ്പിച്ചത്.
ഈ ആഴ്ചയില്‍ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ചൈനീസ് വൈസ് പ്രീമിയർ ഹീ ലൈഫെങ്ങുമായി മലേഷ്യയില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. റെയര്‍ഏര്‍ത്ത് കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ചൈനയ്ക്ക് നവംബര്‍ ഒന്നുമുതല്‍ 100 ശതമാനം അധിക തീരുവ ചുമത്തും എന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനൊപ്പം അടുത്താഴ്ചയോടെ യു.എസിലെ ഭരണസ്തംഭനം അവസാനിക്കും എന്ന വൈറ്റ്ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് കെവിന്‍ ഹാസെറ്റിന്‍റെ പ്രസ്താവനയും സ്വര്‍ണത്തിന് തിളക്കം കുറച്ചു.
സ്വര്‍ണ വില ഈ മാസം ഇനിയും താഴേക്ക് പോകും എന്നാണ് വിദഗ്ധര്‍ പറയുന്നത്. നിലവിലുള്ള അടിസ്ഥാനപരമായ കാര്യങ്ങളില്‍ സ്വര്‍ണ വില മുന്നേറ്റം നടത്തി കഴിഞ്ഞു. അടുത്താഴ്ചയോടെ ഭൗതിക സ്വര്‍ണത്തിന്‍റെ ഡിമാന്‍റ് കുറയും. സ്വര്‍ണ വില ഇനിയും കുറയുകയോ വിലയില്‍ ഏകീകരണം സംഭവിക്കുകയോ ചെയ്യാം എന്നാണ് ജെ.എം ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ ഇ.ബി.ജി- കമ്മോഡിറ്റി ആന്‍ഡ് കറൻസി റിസർച്ച് വൈസ് പ്രസിഡന്റ് പ്രണവ് മേറിന്‍റെ വിലയിരുത്തല്‍. ഒക്ടോബർ 28-29 നും നടക്കുന്ന ഫെഡ് റിസര്‍വ് യോഗത്തിന് മുന്നോടിയായി യുഎസ് ഫണ്ടിംഗ് ബിൽ, പ്രധാന ആഗോള ഡാറ്റാ റിലീസുകൾ, ഫെഡറൽ റിസർവ് ഉദ്യോഗസ്ഥരുടെ പരാമർശങ്ങൾ എന്നിവ നിക്ഷേപകർ ഉറ്റുനോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.