കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും ഇടിവ്. രാവിലെ പവന് 2480 രൂപ കുറഞ്ഞ സ്വര്‍ണം ഉച്ചക്ക് ശേഷം 960 രൂപ കൂടി കുറഞ്ഞിരിക്കുകയാണ്. 98,000 തൊടാനിരുന്ന പവന്‍ വില 93,000ത്തില്‍ എത്തിയതായിരുന്നു രാവിലത്തെ അവസ്ഥ. ആഗോളവിപണിയുടെ ചുവടുപിടിച്ച് തന്നെയാണ് ഇന്ത്യയിലും സ്വര്‍ണവില കുറഞ്ഞത്.
കഴിഞ്ഞ ദിവസവും രാവിലെ റെക്കോഡ് വിലയിലെത്തിയ സ്വര്‍ണത്തിന് വൈകീട്ട് വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 1600 രൂപയും ഗ്രാമിന് 200 രൂപയുമാണ് വൈകീട്ട് കുറഞ്ഞത്. ഇന്നലെ വൈകുന്നേരം പവന് 95,760 രൂപയും ഗ്രാമിന് 11,970 രൂപയുമായിരുന്നു കേരളത്തില്‍ വില. ലാഭമെടുപ്പ് ശക്തമായതാണ് വിപണിയില്‍ വില ഇടിയാനുള്ള പ്രധാനകാരണമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
സ്പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.4 ശതമാനത്തിന്റെ ഇടിവാണ് ഇന്ന് രാവിലെ ഉണ്ടായത്. 4,109.19 ഡോളറായാണ് ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില കുറഞ്ഞത്. 2020 ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.4 ശതമാനം ഇടിഞ്ഞ് 4,124.10 ഡോളറായി.
ചൊവ്വാഴ്ച രാവിലെ ഗ്രാമിന് 190 രൂപ വര്‍ധിച്ചിരുന്നു. 12,170 രൂപയായിരുന്നു വില. പവന് 1520 രൂപ കൂടി 97,360 രൂപയുമായിരുന്നു. പവന് എക്കാലത്തേയും ഉയര്‍ന്ന വിലയായിരുന്നു ഇത്. ഒക്ടോബര്‍ 17നാണ് ഇതിന് മുമ്പ് സ്വര്‍ണത്തിന്റെ എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 97,360 രൂപ തന്നെയായിരുന്നു അത്.
22 കാരറ്റ് സ്വര്‍ണത്തിന് 310 രൂപയുടെ ഇടിവാണ് ഗ്രാമിന് ഇന്ന് രാവിലെ ഉണ്ടായത്. 2,480 രൂപ പവനും കുറഞ്ഞു. 22 കാരറ്റിന് ഇന്ന് ഗ്രാമിന് 11,660 രൂപയും പവന് 93,280 രൂപയുമാണ്. ഉച്ചക്ക് ശേഷം 960 രൂപയാണ് പവന് ഇടിഞ്ഞത്. പവന്‍ വില ഇതോടെ 92,320 ആയി. ഗ്രാമിന് 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഗ്രാമിന് 11,540 രൂപയാണ് ഉച്ചക്ക് ശേഷമുള്ള വില.