കല്‍പ്പറ്റ: ഗാര്‍ഹിക പീഡനത്തിനിരയായി ഭാര്യ ജീവനൊടുക്കിയ കേസിൽ ഭർത്താവിനെ കോടതി ശിക്ഷിച്ചു. മീനങ്ങാടി ചൂതുപാറ സോസൈറ്റിക്കവല മുണ്ടിയാനില്‍ വീട്ടില്‍ ബൈജു (50)വിനെയാണ് പത്ത് വര്‍ഷത്തെ തടവിനും 60000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. ഭാര്യ അംബികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ബൈജുവിനെ കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ.വി. മൃദുല ശിക്ഷിച്ചത്.
മീനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 2021 ജൂലൈ നാലിനായിരുന്നു അംബിക ജീവനൊടുക്കിയത്. ബൈജുവിനെതിരെ അംബികയെഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. 1997 ഏപ്രില്‍ മാസത്തിലാണ് ഇവർ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ടാം മാസം മുതല്‍ കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് അംബികയെ ബൈജു ഉപദ്രവിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വഴക്കുണ്ടാകുമ്പോൾ ഭാര്യയെയും മക്കളെയും ബൈജു ഉപദ്രവിക്കുന്നതും വീട്ടില്‍ നിന്ന് പുറത്താക്കുന്നതും പതിവായിരുന്നു. നിരന്തര പീഡനം സഹിക്കാന്‍ വയ്യാതെയാണ് ഭര്‍ത്താവിനെതിരെ കുറിപ്പെഴുതി അംബിക ആത്മഹത്യ ചെയ്‌തതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ഗാര്‍ഹീക പീഡനവും ആത്മഹത്യ പ്രേരണ കുറ്റവും ചുമത്തിയാണ് ബൈജുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. അന്നത്തെ മീനങ്ങാടി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍മാര്‍ ആയിരുന്ന സി.പി പോള്‍, പി.സി സജീവ് എന്നിവരാണ് കേസിൽ ആദ്യം അന്വേഷണം നടത്തിയത്. ബത്തേരി ഡി.വൈ.എസ്.പി ആയിരുന്ന വി.എസ് പ്രദീപ്‌കുമാറാണ് കേസിൽ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രൊസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിലാഷ് ജോസഫ് ഹാജരായി.