തിരുവനന്തപുരം ആറ്റിങ്ങലിലെ ലോഡ്ജ് മുറിയിൽ വടകര സ്വദേശിനിയായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യുവതിക്കൊപ്പം മുറിയെടുത്ത സുഹൃത്തും ലോഡ്ജിലെ ജീവനക്കാരനുമായ പുതുപ്പള്ളി സ്വദേശി ജോബിൻ ജോർജിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: ആറ്റിങ്ങലിൽ ലോഡ്ജ് മുറിയിൽ യുവതിയെ കൊലപ്പെടുത്തി സുഹൃത്തായ യുവാവ് മുങ്ങി. കോഴിക്കോട് വടകര സ്വദേശി അസ്മിനയെയാണ് രാവിലെ ആറ്റിങ്ങൽ മൂന്നുമുക്കിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പുതുപ്പള്ളി സ്വദേശിയും ലോഡ്ജിലെ ക്ലീനിങ് സ്റ്റാഫുമായ ജോബിൻ ജോർജിനായി പൊലീസ് അന്വേഷണം തുടങ്ങി
ഇന്നലെ രാത്രിയാണ് വടകര സ്വദേശിയായ 35 കാരി ആറ്റിങ്ങലിലെ ലോഡ്ജിൽ മുറിയെടുക്കാനെത്തിയത്. ക്ലീനിംഗ് സ്റ്റാഫായ ജോബിൻ ആയിരുന്നു മുറി ബുക്ക് ചെയ്തത്. ഹോട്ടൽ മാനേജരോട് ഭാര്യയാണെന്നാണ് പരിചയപ്പെടുത്തിയത്. രാവിലെയാണ് ജീവനക്കാർ മുറിയിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയോടൊപ്പം ഉണ്ടായിരുന്ന ജോബിൻ പുലർച്ചെ നാല് മണിയ്ക്ക് ലോഡ്ജ് വിട്ട് പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് തലയിൽ മുറിവ് കണ്ടെത്തിയത്. ചുവരിലും രക്തമുണ്ടായിരുന്നു.
ഇരുവരും തമ്മിൽ വാക് തർക്കം ഉണ്ടായെന്നും ഇതിനിടയിൽ കൊലപാതകം നടന്നെന്നുമാണ് പൊലീസിന്‍റെ നിഗമനം. കോഴിക്കോട് സ്വദേശിയായ യുവതി വിവാഹിതയാണ്. എറണാകുളത്തെ ഹോട്ടലിൽ പാചകക്കാരിയായി ജോലി ചെയ്യുമ്പോഴാണ് ഇതേ ഹോട്ടലിലെ റിസപ്ഷനിസ്റ്റായ ജോബിനുമായി അടുപ്പത്തിലായത്. ഫോറൻസിക് വിഭാഗവും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. യുവതിയോടൊപ്പമുണ്ടായിരുന്ന ജോബിൻ ജോർജിനു വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി