തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിനിടെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ആശാ വര്‍ക്കര്‍മാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ജില്ലാ ആസ്ഥാനങ്ങളില്‍ ആശാ വര്‍ക്കര്‍മാര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിക്കാന്‍ എത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. ക്ലിഫ്ഹൗസിലേക്കുള്ള മാര്‍ച്ചിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. അതിനിടെ വനിതാ നേതാക്കള്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയതായാണ് ആക്ഷേപം. സമരത്തിന്റെ ഭാഗമായി എത്തിച്ച മൈക്ക് സെറ്റ് ഉള്‍പ്പെടെ നീക്കം ചെയ്തതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മാസങ്ങളായി സമരത്തിലാണ് ആശാ വര്‍ക്കര്‍മാര്‍. ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഒരു സമിതിയെ നിയോഗിച്ചിരുന്നുവെങ്കിലും ആ സമിതി നല്‍കിയ റിപ്പോര്‍ട്ട് വെളിച്ചം കാണാത്ത പശ്ചാത്തലത്തിലാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചതെന്നാണ് ആശാ വര്‍ക്കര്‍മാരുടെ നിലപാട്.
ആശാ പ്രവര്‍ത്തകരെ പിരിച്ചുവിടാനായി പൊലീസ് ഇന്നലെ അഞ്ച് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും കനത്ത മഴയേയും ജലപീരങ്കിയെയും അവഗണിച്ചുകൊണ്ട് ആശാ വര്‍ക്കര്‍മാര്‍ ക്ലിഫ് ഹൗസിന്റെ മുന്നില്‍ നിലയുറപ്പിച്ചു. സമരം അനുവദിച്ചിരുന്ന സമയത്തിനും അപ്പുറത്തേക്ക് കടന്നുപോയതിനാലാണ് പൊലീസ് നടപടി ഉണ്ടായത് എന്ന് പൊലീസ് വ്യക്തമാക്കി