കൊച്ചി: ബ്രാഹ്മണർ അല്ലാത്തവരെയും ക്ഷേത്രങ്ങളിലെ ശാന്തിമാരായി നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ വിജ്ഞാപനം ശരിവെച്ച് ഹൈക്കോടതി. തന്ത്രി സമാജത്തിൽ നിന്ന് താന്ത്രിക വിദ്യ പഠിച്ചവർക്ക് മാത്രമേ നിയമനം നൽകാവൂ എന്ന അഖില കേരള തന്ത്രി സമാജത്തിന്റെ ഹരജി ഡിവിഷൻ ബെഞ്ച് തള്ളി.
പാർട്ട് - ടൈം ശാന്തി നിയമന ചട്ടങ്ങളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വരുത്തിയ മാറ്റം നിയമപരമാണെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി നടപടി. ജാതി വിവേചനം അവസാനിപ്പിക്കാനാണ് തീരുമാനമെന്നും ശാന്തി നിയമനം തന്ത്രി കുടുംബത്തിന്‍റെ പാരമ്പര്യ അവകാശം അല്ലെന്നുമുള്ള ദേവസ്വം ബോർഡിന്റെ വാദം, ജസ്റ്റിസുമരായ വി.രാജാവിജയരാഘവൻ, കെ.വി ജയകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു.
ശാന്തി നിയമനത്തിനുള്ള യോഗ്യത നിശ്ചയിക്കാനും ചട്ടങ്ങൾ രൂപീകരിക്കാനുമുള്ള വൈദഗ്ധ്യം റിക്രൂട്ട്‌മെന്റ് ബോർഡിന് ഇല്ലെന്നും മാനദണ്ഡ തീരുമാനം റദ്ദാക്കണമെന്ന അഖിലകേരള തന്ത്രി സമാജത്തിന്റെ ഹരജിയും കോടതി തള്ളി. ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് കോടതി വ്യക്തമാക്കി.
2024 ലാണ് ഇത് സംബന്ധിച്ച ഹരജി വരുന്നത്. അഖില കേരള തന്ത്രിസമാജത്തിന്റെ രണ്ട് ഭാരവാഹികളായിരുന്നു ഹരജിക്കാർ.ദേവസ്വം റിക്രൂട്ട്‌മെന്റ് പ്രസിദ്ധീകരിച്ച യോഗ്യതകൾ ഭരണഘടനാവിരുദ്ധമെന്നായിരുന്നു ഹരജിയിലെ പ്രധാനവാദം. ബ്രാഹ്മണ്യം ജന്മാധിഷ്ടിതമല്ല,ചാതുർവർണ്യം ദൈവസൃഷ്ടിയാണ്. ഗുണകർമ്മങ്ങളിൽ അധിഷ്ടിതമാണെന്നാണെന്നാണ് ഹരജിക്കാര്‍ കോടതിയിൽ വാദിച്ചതെന്ന് അഡ്വ.ടി.ആർ രാജേഷ് മീഡിയവണിനോട് പറഞ്ഞു.എന്നാല്‍ ഭരണഘടനയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന അവർണരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന വളരെ ചരിത്രപരമായ വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഒരു വർഷത്തോളമായി ദേവസ്വം നിയമനങ്ങളുടെ റാങ്ക് ലിസ്റ്റ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയായിരുന്നു.ഈ വിധിയോടെ റാങ്ക് ലിസ്റ്റിലുള്ളവർക്ക് അഡ്വൈസ് മെമ്മോയും പിറകെ നിയമനം നൽകാനും ദേവസ്വം ബോർഡിന് യാതൊരു തടസവുണ്ടാകില്ല.