കോഴിക്കോട്: പൊലീസ് മർദനം ആസൂത്രിതമെന്ന് ഷാഫി പറമ്പിൽ എംപി. നീക്കം ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ മറച്ചുവെക്കാനാണെന്നും ഷാഫി പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോർഡ് പ്രസിഡന്റിലും ഗൂഢാലോചന നിൽക്കുന്നില്ല. കട്ടവർ സർക്കാരിലും ഉണ്ട്. അയ്യപ്പൻറെ പൊന്നുരുക്കി ജീവിക്കാൻ തീരുമാനിച്ചവർക്ക് സർക്കാരും ദേവസ്വവും കൂട്ടുനിന്നു. ഇതിനെ മറച്ചുവയ്ക്കാനാണ് പ്രകോപനമില്ലാതെ പേരാമ്പ്രയിൽ അടക്കം സംഘർഷം ഉണ്ടാക്കിയത് ഷാഫി പറഞ്ഞു.
പേരാമ്പ്രയില്‍ ഒരേ പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് ആക്രമിച്ചത്. എസ്പി പറഞ്ഞത് പോലെ പിറകിൽ നിന്നല്ല, മുന്നില്‍ നിന്നാണ് അടിച്ചത്. മൂന്നാമതും തന്നെ ഉന്നം വച്ച് അടിക്കാൻ നോക്കിയപ്പോൾ മറ്റൊരു പൊലീസ്കാരൻ തടഞ്ഞു. ഇത് അറിയാതെ പറ്റിയതാണെന്ന് പറയാൻ പറ്റുമോ? ഷാഫി ചോദിച്ചു. അഭിലാഷ് ഡേവിഡ് എന്ന പൊലീസ് ഗുണ്ടയാണ് പേരാമ്പ്രയിലെ പൊലീസ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.
സർക്കാരിന്റെ എഐ ടൂൾ പണിമുടക്കിയോ? അടിച്ചയാളെ എന്തേ ഇതുവരെ കണ്ടെത്തിയില്ല? എന്താ നടപടി എടുക്കാത്തത്. നടപടി എടുക്കുമെന്ന റൂറൽ എസ്പിയുടെ പ്രസ്താവനക്ക് പിന്നാലെ ആരുടെ ഭീഷണിക്ക് വഴങ്ങിയാണ് പൊലീസ് മുന്നോട്ടുപോകാത്തത്. രാഷ്ട്രീയ ഇടപെടലാണ് ഇതിന് പിന്നില്‍'; ഷാഫി പറമ്പില്‍ പറഞ്ഞു.
അക്രമത്തിന് നേതൃത്വം നൽകിയത് അഭിലാഷ് ഡേവിഡ് എന്ന പൊലീസ് ഗുണ്ടയാണ്. മാഫിയ ബന്ധത്തിന്റെ പേരിൽ 2023 ജനുവരി 16ന് സസ്പെൻഷനിൽ പോയ പൊലീസ് ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിഡ്. പിന്നാലെ ഇയാളെ പിരിച്ചു വിട്ടു എന്ന് വാർത്ത വന്നതാണെന്നും വഞ്ചിയൂർ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദർശകനാണ് ഇയാളെന്നും ഷാഫി പറഞ്ഞു.