ദുബൈ: 1.19 കോടി രൂപ സമ്മാനത്തുകയുള്ള ദുബൈയിലെ അറബ് റീഡിങ് ചലഞ്ചിന്റെ ഫൈനലിൽ ഇന്ത്യക്ക് വേണ്ടി മത്സരിക്കുന്നത് മലയാളി വിദ്യാർഥി. മലപ്പുറം വാണിയമ്പലം സ്വദേശി മുഹമ്മദ് സാബിത്താണ് ഫൈനലിലേക്ക് യോഗ്യത നേടി ദുബൈയിൽ എത്തിയത്. ഇത്തവണ അറബി മാതൃഭാഷയല്ലാതെ അവസാനഘട്ടത്തിലേക്ക് യോഗ്യത നേടിയ രണ്ടുപേരിൽ ഒരാൾ സാബിത്താണ്. ഫൈനലിലെ ജേതാക്കളെ ഇന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ആൽമക്തൂം പ്രഖ്യാപിക്കും.
ലോകത്തിലെ ഏറ്റവും വലിയ അറബ് സാക്ഷരതാ, വായനാ സംരംഭമാണ് ദുബൈ ഭരണാധികാരി തുടക്കമിട്ട അറബ് റീഡിങ് ചലഞ്ച്. അഞ്ച് ലക്ഷം ദിർഹം അഥവാ 1.19 കോടി രൂപയോളമാണ് ജേതാവിനുള്ള സമ്മാനം.
50 രാജ്യങ്ങളിലെ ഒരു ലക്ഷത്തിലേറെ സ്‌കൂളുകളിൽ മൂന്ന് കോടിയിലേറെ വിദ്യാർഥികളാണ് ചലഞ്ചിന്റെ ആദ്യഘട്ടത്തിൽ പങ്കെടുത്തത്. ഇന്ത്യയിൽ നടന്ന മത്സരത്തിലെ ഒന്നാമനാണ് മഅദിൻ അക്കാദമിയിലെ പ്ലസ്ടു വിദ്യാർഥിയായ മുഹമ്മദ് സാബിത്ത്. ഇന്ത്യയിൽ മത്സരിച്ച 14,000 പേരെ പിന്നിലാക്കിയാണ് സാബിതിന്റെ ദുബൈയിലേക്കുള്ള വരവ്. മത്സരത്തിന്റെ കമ്യൂണിറ്റി ചാമ്പ്യൻ വിഭാഗം ഫൈനലിൽ കടന്ന 24 പേരിലും സാബിത്ത് ഉൾപ്പെടുന്നുണ്ട്. രണ്ടുലക്ഷം ദിർഹം അഥവാ 47.7 ലക്ഷം രൂപയാണ് കമ്യൂണിറ്റി വിഭാഗം ജേതാവിനെ കാത്തിരിക്കുന്നത്.
ഇന്ത്യയിലെ മത്സരത്തിലെ രണ്ടാംസ്ഥാനക്കാരൻ മലപ്പുറം സ്വദേശി നാസിഹ് മുഹിയുദ്ദീനും മൂന്നാം സ്ഥാനക്കാരി ന്യൂഡൽഹിയിലെ സൗദി സ്‌കൂൾ വിദ്യാർഥിനി അസീസ അബ്ദുൽ മജീദും മുഹമ്മദ് സാബിതിനൊപ്പം മത്സരം വീക്ഷിക്കാൻ ദുബൈ സർക്കാറിന്റെ ക്ഷണിതാവായി ദുബൈയിലെത്തിയിട്ടുണ്ട്. ദുബൈ വേൾഡ് ട്രേഡ് സെന്ററിലാണ് ഫൈനൽ മത്സരം നടക്കുന്നത്.