പട്ന: ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് മഹാസഖ്യം. മുൻ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവാണ് മുഖ്യമന്ത്രി സ്ഥാനാർഥി. വിഐപി പാർട്ടി അധ്യക്ഷൻ മുകേഷ് സാഹിനിയാണ് ഉപമുഖ്യമന്ത്രി സ്ഥാനാർഥി. പട്നയിൽ നടന്ന സഖ്യനേതാക്കളുടെ സംയുക്ത വാർത്താസമ്മേളനത്തിൽ മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ടാണ് പ്രഖ്യാപനം നടത്തിയത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും രാഹുൽ ഗാന്ധിയുമായും ചർച്ച ചെയ്താണ് തീരുമാനമെടുത്തതെന്ന് ഗെഹ്‌ലോട്ട് പറഞ്ഞു. എൻഡിഎ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്ന് ചോദിച്ച അദ്ദേഹം, മഹാരാഷ്ട്രയിലും സമാനമായ സ്ഥിതിയായിരുന്നെന്നും ആരോപിച്ചു. ഇവിടെയും രണ്ട് പേരാണ് മുഖ്യമന്ത്രി മോഹവുമായി നിൽക്കുന്നത്. അമിത്ഷാ എത്തി പ്രശ്നം പരിഹരിച്ചിട്ടും തീരുമാനമായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇൻഡ്യ സഖ്യത്തിലെ എല്ലാ നേതാക്കളുടെയും ആശിർവാദത്തോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് തേജസ്വി യാദവ് പ്രതികരിച്ചു. മറ്റു പാർട്ടികളിൽ നിന്നും ഉപമുഖ്യമന്ത്രിമാർ ഉണ്ടാകും. നിതീഷ് കുമാറിനെ നിരവധി തവണ ബിജെപി അധിക്ഷേപിച്ചു. മുഖ്യമന്ത്രി മുഖമായി അദ്ദേഹത്തെ പ്രഖ്യാപിച്ചിട്ടില്ലെന്നും തേജസ്വി യാദവ് വ്യക്തമാക്കി. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കുന്നതിൽ എൻഡിഎയിൽ പ്രതിസന്ധി തുടരുകയാണെന്നും തേജസ്വി ചൂണ്ടിക്കാട്ടി.
ബിഹാറിലെ ക്രമസമാധാനനില പൂർണമായും തകർന്നിരിക്കുന്നു. പദ്ധതികൾ അട്ടിമറിച്ച് ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ബിജെപി. 20 വർഷമായി സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യമേഖല പൂർണമായും തകർന്നു. പുതിയ ബിഹാറാണ് തങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. മഹാസഖ്യ സർക്കാർ ഉടൻ അധികാരത്തിലേറുമെന്നും ബിഹാറിൽ പൂട്ടിപ്പോയ വ്യവസായങ്ങൾ പുനഃസ്ഥാപിക്കുമെന്നും തേജസ്വി കൂട്ടിച്ചേർത്തു.