വടകര: കണ്ണൂക്കര സ്വദേശിനി ആറ്റിങ്ങലിലെ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍. ലോഡ്ജ് ജീവനക്കാരനായ കായംകുളം സ്വദേശി ജോബി ജോര്‍ജിനെ കോഴിക്കോട് നിന്നാണ് അറസ്റ്റ് ചെയ്തത്. ജോബിയെ ഇന്ന് പ്രത്യേക അന്വേഷണസംഘം ആറ്റിങ്ങലില്‍ എത്തിക്കും.
കണ്ണൂക്കര മാടാക്കര പാണ്ടികയില്‍ ആസ്മിന (40)യെ ആണ് ആറ്റിങ്ങല്‍ മൂന്ന് മുക്കിലുള്ള ഗ്രീന്‍ ലൈന്‍ ലോഡ്ജില്‍ കൊല്ലപ്പെട്ടത്. ഒരാഴ്ച മുമ്പ് ലോഡ്ജില്‍ എത്തി ജീവനക്കാരനായി മാറിയ കായംകുളം സ്വദേശി ജോബി ജോര്‍ജ് ആണ് അസ്മിന തന്റെ ഭാര്യ ആണെന്ന് പരിചയപ്പെടുത്തിയാണ് അസ്മിനയ്ക്കായി ലോഡ്ജില്‍ മുറിയെടുത്തത്. രാത്രിയില്‍ ജോബിയെ കാണാനായി മറ്റാരോ ലോഡ്ജില്‍ എത്തിയിരുന്നു.
രാവിലെ ലോഡ്ജ് ജീവനക്കാര്‍ ഇരുവരെയും കാണാത്തതിനെ തുടര്‍ന്ന് മുറി തുറന്നു നോക്കുമ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ യുവതിയെ കണ്ടത്. ജോബി പുലര്‍ച്ചെ നാലുമണിയോടെ ലോഡ്ജില്‍ നിന്നും പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ ശരീരത്തിലാകമാനം കുപ്പി കൊണ്ട് കുത്തിയ പാടുകള്‍ ഉണ്ട്. മുറിയില്‍ നിന്ന് പൊട്ടിയ ഒരു മദ്യക്കുപ്പിയും പൊലീസ് കണ്ടെടുത്തു.
കായംകുളത്തെ ഹോട്ടലില്‍വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. അവിടെ പാചകക്കാരിയായ അസ്മിനയും റിസപ്ഷനിസ്റ്റായ ജോബിയും പ്രണയത്തിലായിരുന്നെന്നും പൊലീസ് പറയുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ജോബിക്ക് പുറമേ മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.