ഉദയംപേരൂർ: സിപിഎം നേതാവിനെ പാർട്ടി ഓഫിസിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി ടി.എസ്.പങ്കജാക്ഷനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉദയംപേരൂർ നടക്കാവ് ലോക്കൽ കമ്മിറ്റി ഓഫിസിലെ വായനശാല മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ആറു മണിയോടെ പത്രമിടാൻ വന്നയാളാണ് വിവരം മറ്റുള്ളവരെ അറിയിക്കുന്നത്.
കടബാധ്യതകളാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചനകൾ. സിപിഎമ്മിന്റെ സജീവ പ്രവർത്തകരാണ് പങ്കജാക്ഷനും ഭാര്യ ഭാസുരദേവിയും. ഇന്ത്യൻ ഓയിൽ കോർപറേഷനിലെ ജീവനക്കാരനായിരുന്ന പങ്കജാക്ഷൻ ഏതാനും വർഷം മുമ്പാണ് ഇവിടെനിന്നു വിരമിച്ചത്.