തിരുവനന്തപുരം: വടകര സ്വദേശിനിയായ അസ്‌മിനയെ (40) ആറ്റിങ്ങലിലെ ലോഡ്‌ജ് മുറിയിൽവെച്ച് കാമുകൻ കൊലപ്പെടുത്തിയത് മദ്യക്കുപ്പിക്ക് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം തുണിയുപയോഗിച്ചു കഴുത്തുമുറുക്കി. സംഭവവുമായി ബന്ധപ്പെട്ട് അസ്മിനയുടെ കാമുകൻ ജോബി ജോർജ്ജിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ കുറേ നാളുകളായി അസ്‌മിനയും ജോബി ജോർജ്ജും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരും മുമ്പ് രണ്ടുതവണ വിവാഹിതരായവരാണ്. അസ്മിനയ്ക്ക് രണ്ട് കുട്ടികളുമുണ്ട്. യുവതി മക്കളെ കാണാൻ പോകുന്നത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് വിവരം.
ചൊവ്വാഴ്‌ച രാത്രിയിലാണ് അസ്മിന ആറ്റിങ്ങൽ മൂന്നു മുക്കിലെ ഗ്രീൻലൈൻ ലോഡ്‌ജിൽ എത്തുന്നത്. ഈ ലോഡ്‌ജിലെ ജീവനക്കാരനായിരുന്നു ജോബി ജോർജ്ജ്. തന്റെ ഭാര്യയെന്നാണ് അസ്മിനയെ ജോബി സഹപ്രവർത്തകർക്ക് പരിചയപ്പെടുത്തിയത്. രാത്രി മുറിക്കുള്ളിൽ വച്ച് മദ്യപിക്കുന്നതിനിടെ അസ്മിന മകളെ കാണാൻ പോകുന്നതിനെക്കുറിച്ചു പറഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. വാക്കുതർക്കം രൂക്ഷമാകുകയും കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. കയ്യാങ്കളിക്കിടെ ജോബി അസ്മിനയെ ബിയർകുപ്പി ഉപയോഗിച്ചു തലയ്ക്കടിച്ചു വീഴ്ത്തി. തുടർന്ന് തുണി ഉപയോഗിച്ചു കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.അസ്മിനയുടെ ശരീരത്തിൽ കുപ്പി കൊണ്ടു കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ബുധനാഴ്ച രാവിലെയാണ് അസ്‌മിനയെ ലോഡ്‌ജ് മുറിയിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. പിന്നാലെ ഒളിവിൽ പോയ പ്രതി ജോബി ജോർജിനെ കോഴിക്കോടുനിന്നാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.കായംകുളത്തെ ഹോട്ടലിൽ വച്ചാണ് അസ്‌മിനയും ജോബിയും പരിചയപ്പെട്ടത്. അവിടെ പാചകക്കാരിയായിരുന്നു യുവതി, ജോബി റിസപ്ഷനിസ്റ്റും. പരിചയം പ്രണയത്തിലെത്തി. റോയിയും അസ്‌മിനയും കായം കുളം,മാവേലിക്കര ഭാഗങ്ങളിൽ ഒന്നിച്ചുതാമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് ജോബി ആറ്റിങ്ങലിലെ ഹോട്ടലിൽ ജോലിയിൽ പ്രവേശിച്ചത്. തിരിച്ചറിയൽ കാർഡൊന്നും നൽകിയിരുന്നില്ല. ഇതിനിടയെയാണ് ഭാര്യയാണെന്ന് പറഞ്ഞ് ചൊവ്വാഴ്‌ച രാത്രി യുവതിയെ ലോഡ്‌ജിലെത്തിച്ച് കൊലപ്പെടുത്തിയത്.