കൊച്ചി: വിദ്യാഭ്യസ സ്ഥാപനങ്ങളിലെ ചൂരൽ പ്രയോഗം തെറ്റല്ലെന്ന് ഹൈക്കോടതി. അച്ചടക്കത്തിൻ്റെ ഭാഗമായി അധ്യാപകൻ ചൂരൽ പ്രയോഗം നടത്തുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. തെറ്റ് തിരുത്താനുള്ള അധികാരം അധ്യാപകർക്കുണ്ടന്ന് ജസ്റ്റിസ് സി. പ്രദീപ് കുമാർ നിരീക്ഷിച്ചു. ശരിയായ ലക്ഷ്യത്തോടെ കുട്ടികളെ അടിക്കുന്നത് തെറ്റല്ലെന്നും കോടതി അറിയിച്ചു.
അടികൂടിയ വിദ്യാർഥികളെ തല്ലിയ അധ്യാപകനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി കൊണ്ടാണ് കോടതി ഉത്തരവ് ഇറക്കിയത്. ഐപിസി സെക്ഷൻ 324 (അപകടകരമായ ആയുധങ്ങൾ അല്ലെങ്കിൽ മാർഗങ്ങൾ ഉപയോഗിച്ച് സ്വമേധയാ പരിക്കേൽപ്പിക്കൽ), 2015 ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമത്തിലെ സെക്ഷൻ 75 (കുട്ടികളോടുള്ള ക്രൂരതയ്ക്കുള്ള ശിക്ഷ) എന്നിവ പ്രകാരമാണ് കേസെടുത്തത്.
പരസ്പരം വടി കൊണ്ട് അടിക്കുന്ന വിദ്യാർഥികളെ നിയന്ത്രിക്കുന്നതിനായി ചൂരൽ പ്രയോഗം നടത്തുകയാണ് അധ്യാപകൻ ചെയ്‌തത്. വിദ്യാർഥികളുടെ കാലിലാണ് അധ്യാപകൻ അടിച്ചത് എന്നും പ്രാഥമിക റിപ്പോർട്ട് പരിശോധിച്ച കോടതി വ്യക്തമാക്കി. സംഭവം റിപ്പോർട്ട് ചെയ്യാൻ നാല് ദിവസം വൈകിയതിന് വിശദീകരണം നൽകിയിട്ടില്ലെന്നും കുട്ടിക്ക് ഒരു ഡോക്‌ടറും ചികിത്സ നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിദ്യാർഥികൾക്ക് ശാരീരികമായി പരിക്കേറ്റതായി തെളിയിക്കുന്ന തെളിവുകളൊന്നും കോടതിക്ക് മുന്നിൽ സമർപ്പിച്ചിട്ടില്ല. ആയതിനാൽ അധ്യാപകൻ അധികം ബലപ്രയോഗമൊന്നും നടത്തിയിട്ടെന്നാണ് മനസിലാകുന്നതെന്നും കോടതി അറിയിച്ചു. അധ്യാപകന്റെ നടപടി വിദ്യാർഥികളെ തിരുത്താൻ വേണ്ടിയുള്ളതാണെന്നും, അത് കുറ്റകൃത്യമായി കണക്കാക്കാൻ ആകില്ലെന്നും കോടതി അറിയിച്ചു.