കോഴിക്കോട്: ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ സിപിഎം ജില്ലാ നേതൃത്വത്തിൻ്റെ വാദം തള്ളി സിപിഎം പ്രാദേശിക നേതാവ്. ഉത്തരവാദിത്തപ്പെട്ടവർ സമരത്തിൽ ആരെങ്കിലും നുഴഞ്ഞുകയറിയെന്ന് പരിതപിക്കുകയല്ല, പ്രശ്നം പരിഹരിക്കുകയാണ് ചെയ്യേണ്ടതെന്ന് ഗിരീഷ് ജോൺ പറഞ്ഞു. രണ്ട് തവണ കോഴിക്കോട് പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന വ്യക്തിയാണ് ഗിരീഷ് ജോൺ.
ഗുരുതര സാഹചര്യമാണ് സമീപ പ്രദേശത്ത് നിലനിൽക്കുന്നത്. നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന പ്രദേശത്തെ സ്കൂളിൽപോലും ചില സമയത്ത് ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്. പ്രശ്നം പരിഹരിക്കാതെ, സാങ്കേതികത്വം പറയുന്നതിൽ അർത്ഥമില്ലയെന്നും ഗിരീഷ് ജോൺ പറഞ്ഞു. ഫ്രഷ് കട്ട് സമരത്തിൽ സംഘർഷം സൃഷ്ടിച്ചത് എസ്ഡിപിഐ എന്നാണ് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വീകരിച്ച നിലപാട്. എന്നാൽ സമരത്തിന്റെ ഭാഗമായി പൊലിസ് പ്രതിചേർത്തവരിൽ ഒന്നാം പ്രതി ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറിയാണ്.
സമരത്തിന് എല്ലാ പാർട്ടികളുടെയും ആളുകൾ ഉണ്ടായിരുന്നു. ഫാക്ടറിയുടെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നവരായത് കൊണ്ടാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സമരത്തിലെത്തിയത്. ഇത് അവരുടെ പ്രയാസത്തെയാണ് സൂചിപ്പിക്കുന്നത്. സമരത്തെ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഉണ്ടെങ്കിൽ തന്നെ അതിന് അവസരം ഒരുക്കികൊടുക്കുന്നവർക്കും ഉത്തരവാദിത്തമില്ലെയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ഫ്രഷ് കട്ട് സമരത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിഷേധിച്ച് സമരസമിതി നേരത്തെ രംഗത്ത് എത്തിയിരുന്നു. എസ്ഡിപിഐ നുഴഞ്ഞ് കയറി എന്ന വാദത്തെയും സമരസമിതി തളളിയിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും സമരസമിതിയുടെ ഭാഗമായിരുന്നു എന്ന് സമരസമിതി ചെയർമാനായ ബാബു കുടുക്കി പറഞ്ഞു. സമരസമിതിയംഗങ്ങൾ പ്ലാൻ് അക്രമിച്ചെന്ന വാദവും അദ്ദേഹം തള്ളി.