കോഴിക്കോട്: അമിതഭാരം കയറ്റിയ വാഹനങ്ങൾക്ക് പരിശോധനയുണ്ടെന്ന് മുൻകൂട്ടി വിവരം നൽകാൻ കൈക്കൂലി വാങ്ങിയ കേസിൽ കൽപ്പറ്റ റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ഡ്രൈവർക്ക് ഏഴുവർഷം കഠിനതടവും 50,000 രൂപ പിഴയും. ആർ.ടി.ഒ. ഡ്രൈവർ കെ.എ. ബാലനെയാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷിച്ചത്.
2017-ലാണ് കേസിനാസ്‌പദമായ സംഭവം. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ നിന്ന് വയനാട്ടിലേക്ക് ടൈൽസുമായി പോകുന്ന വാഹനങ്ങൾക്ക്, പരിശോധനയുണ്ടെങ്കിൽ ആ ആർ.ടി.ഒ.യുടെ വിവരം മുൻകൂട്ടി അറിയിക്കുന്നതിനായി വാഹന ഉടമയിൽ നിന്ന് 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ബാലനെ വിജിലൻസ് സംഘം കൈയോടെ പിടികൂടിയത്.
കോഴിക്കോട് ഉത്തരമേഖലാ വിജിലൻസ് യൂണിറ്റാണ് കേസ് അന്വേഷിച്ചത്. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ ലിജീഷ്, അരുൺനാഥ് എന്നിവർ ഹാജരായി. ശിക്ഷിക്കപ്പെട്ട പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.