കോഴിക്കോട്: ലഹരിമരുന്നു വില്‍പനയിലൂടെ സമ്പാദിച്ച കല്ലായി സ്വദേശിയുടെ 18 ലക്ഷത്തിലേറെ രൂപ പൊലീസ് കണ്ടുകെട്ടി. കല്ലായി ചക്കുംകടവ് സ്വദേശി ചക്കാലക്കല്‍ വീട്ടില്‍ മുഹമ്മദ് അന്‍സാരി (32) യുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് തുക കണ്ടെകെട്ടിയത്. സഫേമ നിയമ പ്രകാരമാണ് നടപടി. നിലവില്‍ പ്രതി ജില്ലാ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
അക്കൗണ്ടില്‍ സൂക്ഷിച്ച 18 ലക്ഷം രൂപ ലഹരിമരുന്ന് വില്‍പനയിലൂടെയും ഓണ്‍ലൈന്‍ ഇടപാടുകളിലൂടെയും സമ്പാദിച്ചതാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സ്മഗ്ലേഴ്‌സ് ആന്‍ഡ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപുലേറ്റേഴ്‌സ് അതോറിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു കണ്ടുകെട്ടാന്‍ ഉത്തരവായത്.
മരണ്ടുമാസം മുന്‍പ് മാത്തോട്ടം കുത്തുകല്ല് റോഡില്‍ മാറാട് പൊലീസ് നടത്തിയ പരിശോധനയില്‍ കാറില്‍നിന്നു 2.5 ഗ്രാം എം.ഡി.എം.എയുമായി പ്രതി പിടിയിലായിരുന്നു. മറ്റു വരുമാനമാര്‍ഗം ഇല്ലാത്ത പ്രതി ആഢംബര ജീവിതമാണ് നയിച്ചിരുന്നത്. ഇത് ലഹരി വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിലൂടെയാണെന്ന് പൊലീസ് പറഞ്ഞു.