തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ തെളിവെടുപ്പ് ഇന്നും തുടരും. കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണൻ പോറ്റിയുമായി അന്വേഷണ സംഘം ബംഗളൂരുവിൽ എത്തിയിരുന്നു. ബംഗളൂരുവിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്, ബെല്ലാരിയിൽ സ്വർണം വിൽപ്പന നടത്തിയ സ്ഥലം, ദ്വാരപാലക പാളികൾ അറ്റകുറ്റപ്പണി നടത്തിയ ഹൈദരാബാദിലെ സ്ഥാപനം, ചെന്നൈ സ്മാർട്ട് ക്രിയേഷൻ എന്നിവിടങ്ങളിൽ ആകും തെളിവെടുപ്പ്. ഈ മാസം 30ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും. സ്മാർട്ട് ക്രിയേഷനിൽ നിന്ന് ലഭിച്ച സ്വർണ്ണം സുഹൃത്ത് ഗോവർദ്ധനന് കൈമാറി എന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. ഇത്തരത്തിൽ കൈമാറിയ സ്വർണം കണ്ടെത്താൻ ആകുമോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ശ്രീകോവിൽ കട്ടിളപ്പാളികൾ സ്വർണം പൂശാൻ നേരത്തെ ഗോവർദ്ധൻ സ്വർണം നൽകിയിരുന്നു. ദേവസ്വം ബോർഡിലെ മറ്റ് ജീവനക്കാരുടെ മൊഴിയെടുപ്പും ഇന്ന് ഉണ്ടാകും.
.
അതേസമയം ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപിയുടെ രാപ്പകൽ ഉപരോധ സമരം തുടരുന്നു. ഇന്ന് വൈകീട്ട് വരെയാണ് സമരം. ഇന്നലെ വൈകീട്ട് തുടങ്ങിയ സമരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. ശക്തമായ മഴയത്ത് ശരണംവിളിച്ചും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർക്കൊപ്പം രാജീവ് ചന്ദ്രശേഖർ അടക്കമള്ള നേതാക്കൾ ഇന്നലെ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. ഇന്ന് സെക്രട്ടറിയേറ്റിലേക്കുള്ള മൂന്ന് ഗേറ്റുകൾ ബിജെപി പ്രവർത്തകർ ഉപരോധിക്കും. എല്ലാ ജില്ലകളിൽ നിന്നും പ്രവർത്തകർ സമരത്തിനെത്തുന്നുണ്ട്. ദേവസ്വം മന്ത്രി രാജിവയ്ക്കുക, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുക, 30 വര്‍ഷത്തെ ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് രാപ്പകൽ സമരം.