ബ്യൂണസ് അയേഴ്സ്: ഇതിഹാസതാരം ലയണൽ മെസ്സിയും അർജന്റീന ഫുട്ബാൾ ടീമും നവംബറിൽ കേരളത്തിലെത്തില്ല. അർജന്റീന ഫുട്ബാൾ അസോസിയേഷൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട നവംബറിലെ ഷെഡ്യൂളിൽ കേരളമില്ല. നവംബറിൽ അർജന്റീനക്ക് ഒരു മത്സരം മാത്രമാണ് ഉള്ളത്. അത് നവംബർ 14ന് അംഗോളക്കെതിരായ മത്സരമാണ്.
നവംബറിൽ സ്പെയിനിലേക്കാവും അർജന്റീന ആദ്യം പോവുക. സ്പെയിനിൽ അർജന്റീനക്ക് പരിശീലനമുണ്ട്. അതിന് ശേഷം അംഗോള തലസ്ഥാനമായ ലുവാണ്ടിയിൽ വെച്ച് സൗഹൃദമത്സരം കളിക്കും. അതിന് ശേഷം സ്പെയിനിലേക്ക് തിരിച്ചെത്തുന്ന അർജന്റീന നവംബർ 18 വരെ പരിശീലനം തുടരും. നവംബർ 18 വരെയാണ് സൗഹൃദമത്സരങ്ങൾക്കായി ഫിഫയുടെ വിൻഡോയുള്ളത്. ഇതോടെ ഈ വർഷം നവംബറിൽ അർജന്റീന കേരളത്തിൽ എത്തില്ലെന്ന് ഉറപ്പായി.
അതേസമയം, ആസ്ട്രേലിയയും അവരുടെ നവംബറിലെ മത്സരക്രമം പുറത്തുവിട്ടിട്ടുണ്ട്. നവംബറിൽ അർജന്റീനയും ആസ്ട്രേലിയയും തമ്മിൽ കൊച്ചിയിൽ കളിക്കുമെന്നാണ് ടീമുകളെ കേരളത്തിൽ എത്തിക്കുമെന്ന് അവകാശപ്പെട്ട സ്പോൺസർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, നവംബറിൽ മത്സരങ്ങൾക്കായി ആസ്ട്രേലിയ യു.എസിലേക്കാവും പറക്കുക. വെനസ്വേലക്കെതിരെ നവംബർ 14നാണ് ആസ്ട്രേലിയയുടെ ആദ്യമത്സരം. നവംബർ 18ന് കൊളംബിയക്കെതിരെയാണ് ആസ്ട്രേലിയയുടെ രണ്ടാം മത്സരം.
2011ന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന അർജന്റീനയുടെ മത്സരത്തിന് കൊച്ചി കലൂർ അന്താരഷ്ട്ര സ്റ്റേഡിയമാണ് വേദിയായി നിശ്ചയിച്ചത്. അർജന്റീന ഫുട്ബാൾ അസോസിയേഷൻ പ്രതിനിധികൾ കൊച്ചി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. കേരളത്തിലെത്തുന്ന അർജന്റീന ടീമിന്റെ വിവരങ്ങൾ സ്പോൺസർമാർ കഴിഞ്ഞ ദിവസം പങ്കുവെക്കുകയും ചെയ്തിരുന്നു.