പാലക്കാട്: എക്സൈസ് മന്ത്രി എം.ബി രാജേഷിന് എതിരെ ഗുരുതര ആരോപണമായി എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു. ഒയാസിസിന് വേണ്ടി മദ്യനയത്തിൽ ഉൾപെടെ മന്ത്രി മാറ്റം വരുത്തിയെന്നും കമ്പനിക്ക് വേണ്ടി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കാര്യങ്ങൾ ചെയ്യിപ്പിക്കുന്നുവെന്നും രേവതി ആരോപിച്ചു. എല്ലാ വകുപ്പുകളിൽ നിന്നും ഒയാസിസിന് വഴിവിട്ട സഹായങ്ങൾ ലഭിക്കുന്നുവെന്നും രേവതി ബാബു പറഞ്ഞു.
കമ്പനി വരുമെന്ന് കരുതുന്നവർ മേൽതട്ടിലുള്ള ചിലർ മാത്രമാണ്. താഴേതട്ടിലുള്ള എല്ലാവരും ഒറ്റക്കെട്ടായി സമരം തുടരും. എക്സൈസ് മന്ത്രി പുഛത്തോടെയാണ് ഞങ്ങളോട് സംസാരിക്കുന്നത്. ജനാധിപത്യ രാജ്യത്താണ് എല്ലാവരും ജീവിക്കുന്നത് മന്ത്രിക്ക് ഓർമ വേണം. ജനങ്ങളുടെ താത്പര്യങ്ങൾക്ക് വിപരീതമായി ആർക്കും പ്രവർത്തിക്കാൻ കഴിയില്ലായെന്നും മന്ത്രി മനസ്സിലാക്കണം.രേവതി പറഞ്ഞു.
എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടാണ് മുന്നോട്ട് നീങ്ങുന്നതെന്ന് ഇന്നലെ മന്ത്രി പറയുകയുണ്ടായി. എന്നാൽ, ഒരു നിയമവും പാലിക്കുന്നില്ല, ഒയാസിസിന് വേണ്ടി മദ്യനയത്തിൽ മന്ത്രി ഒരുപാട് മാറ്റങ്ങൾ വരുത്തി. സാധാരണക്കാരൻ എന്തെങ്കിലും ആവശ്യത്തിനായി രണ്ടും മൂന്നും മാസമെടുത്ത് സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങുമ്പോൾ ഒയാസിസിന് ഒരു മണിക്കൂർ പോലും കാത്തിരിക്കേണ്ടിവരുന്നില്ല'. രേവതി കൂട്ടിച്ചേർത്തു.
വെള്ളം പ്രധാന അസംസ്‌കൃത വസ്തുവായി കണക്കാക്കികൊണ്ട് തുടങ്ങുന്ന ഒയാസിസ് കമ്പനിക്കെതിരെ തുടക്കം മുതൽ പ്രതിഷേധം ശക്തമായിരുന്നു. എലപ്പുള്ളിയിലെ 26 ഏക്കർ സ്ഥലമാണ് ബ്രൂവറിക്ക് വേണ്ടി വാങ്ങിയത്. ജലക്ഷാമം അതിരൂക്ഷമായ പ്രദേശത്ത് ബ്രൂവറി വന്നാൽ തങ്ങൾ വലിയ പ്രതിസന്ധിയിലാകുമെന്ന് പ്രദേശവാസികൾ ചൂണ്ടികാട്ടുന്നു. ബ്രൂവറിക്കായി കണ്ടെത്തിയ സ്ഥലത്ത് ജെസിബിയുമായി എത്തിയ കമ്പനി അധികൃതരെ നാട്ടുകാർ ഇടപെട്ട് തടഞ്ഞിരുന്നു. ഭൂഗർഭ ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് ബ്രൂവറി അനുവദിക്കില്ലെന്ന് നാട്ടുകാർ പ്രതികരിച്ചു.