കല്പറ്റ: വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ ലക്ഷങ്ങൾ കവർന്ന രാജസ്ഥാൻ സ്വദേശി പിടിയിൽ. രാജസ്ഥാൻ ബികനീർ സ്വദേശിയായ ശ്രീ രാം ബിഷ്ണോയി(28)ആണ് അറസ്റ്റിൽ ആയത്. വയനാട് സൈബർ ക്രൈം പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പടിഞ്ഞാറത്തറ സ്വദേശിയിൽ നിന്നും 5 ലക്ഷം രൂപ കവർന്ന കേസിലാണ് അറസ്റ്റ്. സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും അറസ്റ്റ് അറസ്റ്റ് ചെയ്യുകയായിരുന്നു. പടിഞ്ഞാറത്തറ സ്വദേശിയായ ഐടി ഉദ്യോഗസ്ഥനിൽ നിന്നും കഴിഞ്ഞവർഷം ഓഗസ്റ്റ് മാസത്തിലാണ് പണം തട്ടിയെടുത്തത്. യുവാവിനെ തട്ടിപ്പുകാർ സ്കൈപ് വഴി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയെടുത്തത്.പടിഞ്ഞാറത്തറ സ്വദേശി വിവിധ ബാങ്കുകളിൽ വ്യാജ രേഖകൾ സമർപ്പിച്ച് ലോണുകൾ എടുത്തിട്ടുണ്ടെന്നും അതിൻറെ പ്രശ്നങ്ങൾ പരിഹരിക്കാൻ പണം ആവശ്യമാണെന്നും സംഘം പറയുകയായിരുന്നു. അറസ്റ്റ് ഒഴിവാക്കാൻ പണം നൽകണം എന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് പിടിയിലായ പ്രതി ഉൾപ്പെട്ട സംഘം പണം തട്ടിയെടുക്കുന്നത്. പണം നഷ്ടമായതോടെ സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ മാസങ്ങളായി നിരീക്ഷിക്കുകയായിരുന്ന സൈബർ പോലീസ് രാജസ്ഥാനിൽ നേരിട്ട് എത്തി പിടികൂടുകയായിരുന്നു. രാജസ്ഥാനിലെ ബികനീർ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റോടെ വയനാട്ടിലെത്തിച്ച് തുടർനടപടികൾക്ക് ശേഷം മാനന്തവാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സൈബർ സ്റ്റേഷനിലെ അസി. സബ് ഇൻസ്‌പെക്ടർ പി. പി ഹാരിസ്, എസ് സി പി ഓ കെ.എ അബ്ദുൾ സലാം, പടിഞ്ഞാറത്തറ സ്റ്റേഷനിലെ എസ് സി പി ഒ പി.വി ശ്രീനാഥ്, സിപിഒ ജിസൺ ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.