കക്കട്ടിൽ : കുന്നുമ്മൽ പഞ്ചായത്തിലെ പ്രധാന ടൗണുകളും പരിസരങ്ങളും തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടുന്നു. ശനിയാഴ്ച സ്ത്രീകൾ ഉൾപ്പെടെ അഞ്ചോളം പേർക്ക് തെരുവുനായയുടെ കടിയേറ്റു.
പലർക്കും ആഴത്തിൽ മുറിവുപറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെത്തിച്ച് പേ വിഷബാധയ്ക്കെതിരായ കുത്തിവെപ്പ് നൽകി. മാർക്കറ്റ് പരിസരം, കൈവേലി റോഡ്, നരിപ്പറ്റ റോഡിലെ പൗർണമി ഭാഗം എന്നിവിടങ്ങളിലൊക്കെ കാൽനടയാത്രക്കാർക്കും, ഇരു ചക്രവാഹന യാത്രികർക്കും ഭീഷണിയായി തെരുവുനായകളുടെ കൂട്ടങ്ങളുണ്ട്.
മൊകേരിയിൽ കായക്കൊടി റോഡ്, മുറുവച്ചേരി ഭാഗം, നിർമലതിയേറ്റർ പരിസരം എന്നിവിടങ്ങളിലൊക്കെ ഇവയുടെ ശല്യമുണ്ട്. തെരുവുനായക്കൂട്ടങ്ങൾ തമ്പടിക്കുന്നതിനാൽ ഭീതിയോടെയാണ് കുട്ടികൾ ഉൾപ്പെടെയുള്ളവർ യാത്ര ചെയ്യുന്നത്. രാത്രിയിൽ വളർത്തുമൃഗങ്ങളെ അക്രമിക്കുന്നതായും പരാതിയുണ്ട്. വീടുകളുടെ വരാന്തകളിലും മുറ്റങ്ങളിലും കൂട്ടമായെത്തുന്ന ഇവ വീട്ടുപകരണങ്ങളും മറ്റും നശിപ്പിക്കുന്നതും പതിവായിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾക്ക് പിന്നാലെ ഇവ കുരച്ച് ബഹളം വെച്ച് ഓടുന്നത് അപകടങ്ങൾക്കും വഴിവെക്കുന്നു. ഇടറോഡുകളിലൂടെയും മറ്റും കുട്ടികൾക്കുൾപ്പെടെ തനിച്ച് യാത്രചെയ്യാൻ പോലുമാവാത്ത സാഹചര്യമുണ്ടായിട്ടും അധികൃതർ ഒരു നടപടിയുമെടുക്കുന്നില്ലെന്നാണ് പരാതി. ശനിയാഴ്ച ആളുകളെ കടിച്ചു പരിക്കേല്പിച്ചത് വളർത്തു നായാണെന്ന് നാട്ടുകാർ പറഞ്ഞു