തിരുവനന്തപുരം: മഴ മാറി നിന്ന പകലിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ 'റെക്കോഡ് മഴ' പെയ്യിച്ച് താരങ്ങൾ. ഇന്നലെ നടന്ന 200 മീറ്റർ ഓട്ടത്തിലാണ് 38 വർഷം പഴക്കമുള്ള റെക്കോഡുകളടക്കം തകർന്ന് തരിപ്പണമായത്. സബ് ജൂനിയർ പെൺകുട്ടികളിൽ പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലെ എസ്.ആൻവിയും ജൂനിയർ പെൺകുട്ടികളിൽ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്.എസ്.എസിലെ ദേവനന്ദ വി ബിജുവും ജൂനിയർ ആൺകുട്ടികളിൽ ആലപ്പുഴ ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസിലെ അതുൽ ടി.എം, സീനിയർ ആൺകുട്ടികളിൽ പാലക്കാട് ചിറ്റൂർ ജി.എച്ച്.എസ്.എസിലെ ജെ.നിവേദ് കൃഷ്ണയുമാണ് പുതിയ റെക്കോഡിനുടമകളായത്.
കണ്ണൂർ ജി.വി.എച്ച്.എസ്.എസിന്റെ താരമായിരുന്ന സിന്ധു മാത്യു 1987ൽ 200 മീറ്ററിൽ കുറിച്ച 26.30 സെക്കാന്റാണ് ആൻവി 25.67 സെക്കൻഡിലേക്ക് തിരുത്തിയെഴുതിയത്. 100 മീറ്ററിൽ വെള്ളി നേടിയ എട്ടാം ക്ലാസുകാരിയുടെ ഗംഭീര തിരിച്ചുവരവിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കോഴിക്കോട് കുളത്തുവയൽ സെന്റ് ജോർജ് എച്ച്.എസ്.എസ് അൽക്ക ഷിനോജ് (25.55) വെള്ളിയും 100 മീറ്ററിൽ മീറ്റ് റെക്കോഡോടെ സ്വർണം നേടിയ ഇടുക്കി സി.എച്ച്.എസ് കാൽവരിമൗണ്ടിന്റെ ദേവപ്രിയ ഷൈബു (26.77) വെങ്കലവും നേടി.
സബ് ജൂനിയർ ആൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിലും സ്വർണം നേടി കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്.എസ്.എസിലെ 'അതിഥി താരം' സഞ്ജയ് (24.26) മീറ്റിലെ ഇരട്ട സ്വർണത്തിന് അർഹനായി. കഴിഞ്ഞ ദിവസം 100 മീറ്റർ ഓട്ടത്തിലും ഗുജറാത്ത് വാരണാസി സ്വദേശി സ്വർണം നേടിയിരുന്നു. തൃശൂർ കുരിയചിറ സെന്റ് പോൾസ് സി.ഇ.എച്ച്.എസ്.എസിലെ സി.എം റയാൻ (24.66) വെള്ളിയും മലപ്പുറം നവാമുകുന്ദയുടെ നീരജ് ( 24.67) മൂന്നാം സ്ഥാനവും നേടി.
ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ നാട്ടിക ഗവ. ഫിസറീസ് സ്കൂളിലെ ആൻസി സോജൻ 2017ൽ ട്രാക്കിൽ എഴുതിയിട്ട 25.13 സെക്കാൻഡാണ് ദേവനന്ദ തകർത്തെറിഞ്ഞത്. 24.96 സെക്കൻഡാണ് ദേവനന്ദയുടെ പുതിയ സമയം. 100 മീറ്ററിലും സ്വർണം നേടിയ താരം ഉദരസംബന്ധമായ രോഗത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോക്ടർമാർ ശസ്ത്രക്രിയക്ക് നിർദേശിച്ചെങ്കിലും മത്സരിക്കാനുള്ള ആഗ്രഹവുമായി വേദന കടിച്ചമർത്തി മത്സരത്തിനിറങ്ങി. ഫിനിഷ് ലൈൻ താണ്ടിയശേഷം വേദനകൊണ്ട് ട്രാക്കിൽ കിടന്ന് പുളഞ്ഞ താരത്തെയും ഗാലറി കണ്ടു. തലശ്ശേരി സായിയുടെ ഇവാന ടോമി (25.44), ആലപ്പുഴ സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസിലെ ആർ.ശ്രേയ (25.69 സെക്കന്റ്) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി