താമരശ്ശേരി കട്ടിപ്പാറയിലുള്ള സ്വകാര്യ അറവ് മാലിന്യ കേന്ദ്രം ആക്രമിച്ച സംഭവത്തിൽ നാല് പേർ കൂടി പിടിയിൽ. താമരശ്ശേരി കുടുക്കിൽ ഉമ്മരം സ്വദേശി ഷബാദ് (30), കൂടത്തായി ഒറ്റപ്പിലാക്കിൽ മുഹമ്മദ് ബഷീർ (44), കരിമ്പാലൻകുന്ന് ജിതിൻ വിനോദ് (19) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതോടെ പിടിയിൽ ആയവരുടെ എണ്ണം ഒമ്പത് ആയി. ഇന്നലെയും ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. താമരശ്ശേരി വാവാട് സ്വദേശി ഷഫീക് ആണ് പിടിയിലായത്. അതേസമയം, പ്ലാന്‍റ് ആക്രമണത്തിൽ പൊലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.
കഴിഞ്ഞ ചൊവാഴ്ച ഉച്ചയോടെയാണ് താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ടെന്ന അറവ് മാലിന്യ കേന്ദ്രത്തിലേക്ക് വ്യാപക ആക്രമണം ഉണ്ടായത്. സമാധാനപൂർവം നടത്തിയ പ്രതിഷേധം നിമിഷനേരം കൊണ്ട് വ്യാപക അക്രമത്തിലേക്കും തീവെപ്പിലേക്കും നീങ്ങുകയായിരുന്നു. സംഭവത്തിൽ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി അടക്കം 21 പൊലീസുകാർക്കും, സമരത്തിൽ പങ്കെടുത്ത 28 പേർക്കും പരുക്കേറ്റിരുന്നു.
സമീപ ജില്ലകളിൽ നിന്നുപോലും ആളുകൾ അറവുമാലിന്യ കേന്ദ്രത്തിലേക്ക് എത്തിയത് ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്