ഗസ്സ സിറ്റി: ഗസ്സയില്‍ ശേഷിക്കുന്ന മൃതദേഹങ്ങള്‍ (ബന്ദികളുടെ) ഉടന്‍ വിട്ടു നല്‍കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത 48 മണിക്കൂര്‍ ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്നും മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ അവര്‍ തിരികെ നല്‍കുമോ എന്ന് പരിശോധിക്കുമെന്നും ട്രംപ് പറഞ്ഞു.
ശാശ്വതവും ശക്തവുമായ സമാധാനം നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കാനും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും ഗസ്സ മുനമ്പില്‍ അന്താരാഷ്ട്ര സൈന്യത്തെ ഉടന്‍ വിന്യസിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര സേനാ വിന്യാസം ഉടന്‍ ഉണ്ടാകുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറാന്‍ വിസമ്മതിച്ചാല്‍ ഗസ്സയില്‍ വിന്യസിക്കുന്ന അന്താരാഷ്ട്ര സേന അനിവാര്യമായ നടപടി സ്വീകരിക്കമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. അതേസമയം, സേനയില്‍ ഏതൊക്കെ രാജ്യങ്ങള്‍ പങ്കാളിത്തം വഹിക്കുമെന്ന് ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.
ഹമാസിനെതിരെ സൈനിക നടപടി തുടരണമെന്ന് ഇസ്‌റാഈലിലെ തീവ്ര വലതുപക്ഷ മന്ത്രി സ്‌മോട്രിക് ഇന്നലെ നിര്‍ദേശിച്ചിരുന്നു. ഗസ്സയില്‍ ഹമാസിന്റെ അറുപത് ശതമാനം തുരങ്കങ്ങള്‍ ഇപ്പോഴും ശക്തമെന്ന് പ്രതിരോധ മന്ത്രി കാറ്റ്‌സ് പ്രതികരിച്ചു. ഫലസ്തീന്‍ അതോറിറ്റിയെ ഗസ്സ ഭരണത്തില്‍ ഉള്‍പ്പെടുത്തരുത് എന്നതുള്‍പ്പടെ ഇസ്‌റാഈല്‍ മന്നോട്ടുവെച്ച ആവശ്യങ്ങള്‍ അമേരിക്ക അംഗീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ഗസ്സയില്‍വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്. നുസൈറാത്തില്‍ ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ ലംഘിച്ച് ഗസ്സയിലെ ദേര്‍ അല്‍ ബലാഹില്‍ നടത്തിയ വ്യോമാക്രമണത്തിലും നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗസ്സയില്‍ ഒക്ടോബര്‍ പത്തിന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ഇസ്‌റാഈല്‍ ആക്രമണത്തില്‍ 97 ഫലസ്തീനികളാണ് ഇതിനോടകം കൊല്ലപ്പെട്ടത്.