മലപ്പുറം: അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാൻ വരുമോ ഇല്ലയോ എന്ന ചർച്ചകൾക്കിടയിൽ പുതിയ വാഗ്ദാനവുമായി കായികമന്ത്രി വി അബ്ദുറഹിമാൻ. കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് പ്രശസ്ത സിനിമാ താരം സൽമാൻ ഖാൻ ഉദ്ഘാടനം ചെയ്യുമെന്ന് വി അബ്‌ദുറഹിമാൻ അറിയിച്ചു. വണ്ടി പൂട്ടുമത്സരം അംഗീകാരത്തിനുള്ള ആവശ്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും കായികമന്ത്രി മലപ്പുറത്ത് പറഞ്ഞു. മലപ്പുറം പൂക്കോട്ടൂരിൽ വണ്ടി പൂട്ട് മത്സരം ഉദ്ഘാടനം ചെയ്ത‌് സംസാരിക്കുകയായിരുന്നു മന്ത്രി വി അബ്‌ദുറഹിമാൻ
അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാൻ വരുമെന്ന് തന്നെയാണ് ഇപ്പോഴും പ്രതീക്ഷയെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാൻ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതിനായി ഇപ്പോഴും ശ്രമം തുടരുകയാണ്. അർജൻ്റീന കേരളത്തിലേക്ക് വരുന്നതിനുള്ള വാതിലുകൾ പൂർണമായും അടഞ്ഞിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി കലൂർ സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഫിഫ അനുമതികൾ വൈകിയതാണ് അർജന്റീന ടീമിന്റെ നവംബറിലെ വരവ് തടസപ്പെടാൻ കാരണമായത്. കൊച്ചി കലൂർ സ്റ്റേഡിയം നവീകരണം നിശ്ചിത സമയത്ത് പൂർത്തിയാക്കും എന്നു കരുതിയാണ് അർജന്റീനയുടെ കേരള സന്ദർശനത്തിന്റെ തീയതികൾ പ്രഖ്യാപിച്ചത്. അർജൻ്റീന നവംബറിൽ വന്നില്ലെങ്കിൽ മറ്റൊരിക്കൽ വരും. നമ്മുടെ നാട്ടിലെ ചിലർ ഇ-മെയിൽ അയച്ച് അർജന്റ്റീനയുടെ വരവ് മുടക്കാൻ നോക്കിയെന്നും മന്ത്രി ആരോപിച്ചു.