എറണാകുളം: എറണാകുളം വടക്കൻ പറവൂരിൽ മദ്യപാനിയായ ഭർത്താവ് ഭാര്യയെ ഇരുമ്പു വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പറവൂർ വെടിമറയിൽ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ആയിരുന്നു സംഭവം. തോപ്പിൽപറമ്പിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ്റെ ഭാര്യ കോമളം(58) ആണ് മരിച്ചത്. ഉണ്ണികൃഷ്ണനെ പറവൂർ പോലിസ് വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തു. ഇവരുടെ മാനസിക ദൗർബല്യമുള്ള മകൻ ഷിബുവിനും തലയ്ക്ക് മർദ്ദനമേറ്റു.
മദ്യപിച്ച് വീട്ടിൽ എത്തിയത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണം. പരിക്കേറ്റ് അവശനിലയിലായിരുന്ന കോമളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുമ്പുവടി കൊണ്ട് തലയ്ക്കേറ്റ അടിയാണ് മരണ കാരണമായത്. മദ്യപാനിയായ ഉണ്ണികൃഷ്ണൻ വീട്ടിൽ പതിവായി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്നും ഭാര്യ കോമളത്തെ മർദിക്കുന്നത് സ്ഥിരം സംഭവമാണെന്നുമാണ് സമീപവാസികൾ പറയുന്നത്.