മുക്കം : ഉപജില്ലാ കലോത്സവത്തിൽ വിജയികളായ വിദ്യാർഥികളെ ആതിഥേയരായ സ്കൂളിലെ വിദ്യാർഥികൾ മർദിച്ചതായി പരാതി. കലോത്സവത്തിലെ ഓവറോൾ ചാമ്പ്യന്മാരായ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും രണ്ടാംസ്ഥാനക്കാരായ ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിലെയും വിദ്യാർഥികളെ ആതിഥേയരായ മണാശ്ശേരി എംകെഎച്ച് എംഎംഒ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ മർദിച്ചതായാണ് പരാതി.
പരിക്കേറ്റ രണ്ടു വിദ്യാർഥികളെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചേന്ദമംഗലൂർ സ്കൂളിലെ പ്ലസ്‌ടു കൊമേഴ്സ് വിദ്യാർഥിയും നെല്ലിക്കാപ്പറമ്പ് സ്വദേശിയുമായ അമൻ ഹനീഫ് (18), നീലേശ്വരം സ്കൂളിലെ പ്ലസ്‌ടു ഹ്യുമാനിറ്റീസ് വിദ്യാർഥിയും തേക്കുംകുറ്റി സ്വദേശിയുമായ മുഹമ്മദ് ഷിബിൽ ഷാജഹാൻ (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവർക്കും താക്കോൽകൊണ്ട് തലയ്ക്കും പുറത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ എംഎഎംഒ കോളേജ് കവാടത്തിന് സമീപത്തായിരുന്നു സംഭവം.സമ്മാനദാനച്ചടങ്ങിനുശേഷം നീലേശ്വരം സ്കൂളിലെ വിദ്യാർഥികളും ചേന്ദമംഗലൂർ സ്കൂളിലെ വിദ്യാർഥികളും ആഹ്ലാദപ്രകടനം നടത്തിയിരുന്നു. നീലേശ്വരം സ്കൂളുകാർ മണാശ്ശേരി ഭാഗത്തേക്കും ചേന്ദമംഗലൂർ സ്കൂളുകാർ ചേന്ദമംഗലൂർ ഭാഗത്തേക്കുമാണ് പ്രകടനം നടത്തിയത്. ചേന്ദമംഗലൂരിന്റെ ആഹ്ളാദപ്രകടനത്തിനിടയിലേക്ക് ഓടിക്കയറി മണാശ്ശേരി സ്കൂളിലെ വിദ്യാർഥികൾ മർദിച്ചതായാണ് പറയുന്നത്. പോലീസും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്നാണ് വിദ്യാർഥികളെ ഇവിടെനിന്ന് പിരിച്ചുവിട്ടത്.