കുവൈത്ത് സിറ്റി: രാജ്യത്ത് ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളുടെ വ്യാപനത്തോടെ ഇലക്ട്രോണിക് തട്ടിപ്പ് കേസുകൾ കുത്തനെ വർധിക്കുന്നതായി റിപ്പോർട്ട്. നീതിന്യായ മന്ത്രാലയം അടുത്തിടെ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2025-ൽ ഇതുവരെ 700-ൽ അധികം ഇലക്ട്രോണിക് തട്ടിപ്പുകളാണ് കുവൈത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 38 ശതമാനം വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
ഇലക്ട്രോണിക് തട്ടിപ്പ് കേസുകളിലെ വർധനവ് തടയുന്നതിനായി, നിലവിലുള്ള നിയമങ്ങൾ പരിഷ്കരിക്കേണ്ടതിന്റെയും ശക്തമായ ബോധവൽക്കരണ കാമ്പെയ്‌നുകൾ നടത്തേണ്ടതിന്റെയും ആവശ്യകത അഭിഭാഷകരും നിയമവിദഗ്ധരും വ്യക്തമാക്കി. രാജ്യത്തിനകത്തും പുറത്തുമുള്ള സംഘടിത ശൃംഖലകളാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.
ടെക്സ്റ്റ് സന്ദേശങ്ങൾ, അജ്ഞാത ഫോൺ കോളുകൾ, തെറ്റിദ്ധരിപ്പിക്കുന്ന ഇമെയിലുകൾ, വ്യാജ പേയ്മെന്റ് പേജുകൾ, വിശ്വസനീയമല്ലാത്ത ആപ്ലിക്കേഷനുകൾ എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പുകാർ പ്രധാനമായും ഇരകളെ ലക്ഷ്യമിടുന്നത്. ഔദ്യോഗിക സ്ഥാപനങ്ങളോ ധനകാര്യ സ്ഥാപനങ്ങളോ ആണെന്ന് തെറ്റിദ്ധരിപ്പിച്ച്, ഉപയോക്താക്കളെ കബളിപ്പിച്ച് വ്യക്തിഗത ബാങ്കിംഗ് ഡാറ്റയും വിവരങ്ങളും ചോർത്തുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.
മിക്കവരും സ്വന്തം ഇഷ്ടപ്രകാരം ബാങ്ക് വിവരങ്ങൾ വെളിപ്പെടുത്തുന്നതിലൂടെയോ അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നതിലൂടെയോ ആണ് തട്ടിപ്പിന് ഇരയാകുന്നതെന്ന് അഭിഭാഷകർ പറയുന്നു. ഭൂരിഭാഗം കേസുകളിലും ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയോ അല്ലെങ്കിൽ ബാങ്ക് ലോഗോകൾ അനുകരിക്കുന്ന വ്യാജ സന്ദേശങ്ങൾ നൽകുകയോ ചെയ്തതാണ് തട്ടിപ്പ് നടത്തിയത്.
ചില കേസുകൾ രാജ്യത്തിന് പുറത്തുനിന്ന് പ്രവർത്തിക്കുന്ന ക്രിമിനൽ നെറ്റ്‌വർക്കുകൾ ആസൂത്രണം ചെയ്തതാണെന്ന് ജുഡീഷ്യൽ വൃത്തങ്ങൾ സ്ഥിരീകരിച്ചു. സാങ്കേതിക ദുർബലതകളും മനുഷ്യൻ്റെ പെരുമാറ്റ രീതികളും മുതലെടുത്താണ് ഇവർ സെൻസിറ്റീവ് ഡാറ്റാ ആക്സസ് ചെയ്യുന്നത്