കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിൽ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് നേടി തിരുവനന്തപുരം. 1825 പോയിന്റോടെയാണ് തിരുവനന്തപുരം ഓവറോൾ കിരീടം നിലനിർത്തിയത്.
അത്‌ലറ്റിക്സിൽ മലപ്പുറം കിരീടം നിലനിർത്തി. ഫോട്ടോ ഫിനിഷിലേക്ക് എന്ന് തോന്നിപ്പിച്ച അത്‌ലറ്റിക്സ് മത്സരത്തിന്റെ അവസാനം 4×100 മീറ്റർ റിലേയയിലെ ആധിപത്യമാണ് മലപ്പുറത്തിനെ ജേതാക്കൾ ആക്കിയത്. ഒരു മീറ്റർ റെക്കോർഡ് അടക്കം മൂന്നു സ്വർണമാണ് റിലേയിൽ മലപ്പുറം നേടിയത്. മലപ്പുറം 247 പോയിന്റും പാലക്കാട് 212 പോയിന്റുമാണ് നേടിയത്.
സ്കൂളുകളിൽ തുടർച്ചയായ നാലാം വർഷവും മലപ്പുറത്തിന്റെ ഐഡിയൽ കടകശ്ശേരി ചാമ്പ്യന്മാരായി. 78 പോയിന്റാണ് നേട്ടം. 13 കുട്ടികളുമായി മത്സരിക്കാൻ എത്തിയ വിഎംഎച്ച്എസ് വടവന്നൂർ 58 പോയിന്റ് നേടി രണ്ടാമത് എത്തി. കഴിഞ്ഞതവണ രണ്ടാം സ്ഥാനക്കാരായിരുന്ന നാവാമുകുന്ദ തിരുനാവായ മൂന്നാം സ്ഥാനക്കാരായി.
സ്പോർട്സ് ഹോസ്റ്റലുകളിൽ 57 പോയിന്റ് നേടിയ ജിവി രാജയാണ് ചാമ്പ്യന്മാർ. ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ കൂടി സ്വർണം നേടിയതോടെ പാലക്കാടിന്റെ നിവേദ്യ കലാധർ ട്രിപ്പിൾ സ്വർണം നേടി. സീനിയർ പെൺകുട്ടികളുടെ വിലയിൽ സ്വർണം ലഭിച്ചതോടെ ആദിത്യ അജിയുടെ സ്വർണ നേട്ടം നാലായി. ഗവർണർ പങ്കെടുക്കുന്ന സമാപന സമ്മേളനം ഇന്ന് വൈകുന്നേരം നാല് മണിക്ക് ആരംഭിക്കും. കണ്ണൂരിലാണ് അടുത്ത കായികമേള നടക്കുക.