താമരശ്ശേരി:താമരശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ സംഘർഷത്തിൽ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ. അക്രമത്തെകുറിച്ചും വിദ്യാർഥികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത സാഹചര്യത്തെ കുറിച്ചും റിപ്പോർട്ട് തേടി. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആണ് കോഴിക്കോട് ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
സംഘർഷത്തിന്പിന്നാലെ സ്കൂളിലെത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇടപെടൽ ഉണ്ടായിരിക്കുന്നത്. രാപ്പകൽ പൊലീസുകാർ വീട് കയറി ഇറങ്ങുന്നതിനാൽ കുട്ടികൾ ഭീതിയിൽ ആണെന്നും സ്കൂളിൽ പോകാൻ തയ്യാറാകുന്നില്ലെന്നും രക്ഷിതാക്കൾ പറഞ്ഞിരുന്നു.
കഴിഞ്ഞ 21നാണ് അറവ് മാലിന്യ സംസ്കരണ കേന്ദ്രമായ താമരശ്ശേരി ഫ്രഷ് കട്ടിൽ സംഘർഷം ഉണ്ടായത്. മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിന് പിറകെയായിരുന്നു സംഘർഷം. സംഭവത്തിൽ പൊലീസ് നടപടി തുടരുകയാണ്. ഒളിവിൽ പോയവരെ കണ്ടെത്താനാണ് പൊലീസിന്റെ പരിശോധന. സംഘർഷത്തിലും പൊലീസ് പരിശോധനയിലും കുട്ടികൾ ഭീതിയിൽ ആണെന്നും കൗൺസിലിംഗ് നൽകേണ്ട സാഹചര്യമാണുള്ളതെന്നും രക്ഷിതാക്കളും അധ്യാപകരും വ്യക്തമാക്കുകയുണ്ടായി. അറുപതോളം വിദ്യാർഥികൾ പഠിക്കുന്ന ഇരൂട് സെന്റ് ജോസഫ് എൽ പി സ്കൂളിലെത്തിയത് ചുരുക്കം വിദ്യാർഥികൾ മാത്രമാണ് എത്തിയിരുന്നത്. അക്രമ സംഭവവുമായി ബന്ധപ്പെട്ട് പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘർഷത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അതേസമയം, റൂറൽ എസ്.പിയെ അതിക്രമിച്ച നടപടിയിൽ കൂടുതൽ അറസ്റ്റിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. ഇതിന്റെ ഭാഗമായി വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്ന റെയ്ഡിനെതിരെ വ്യാപക പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തുന്നത്. രാത്രിയിലും പൊലീസ് ഉദ്യോഗസ്ഥർ വീടിന് മുന്നിൽ തമ്പടിക്കുന്നുവെന്നാണ് ആരോപണം. സമാധാനാന്തരീക്ഷം തകർക്കുന്ന പൊലീസിനെതിരെ പട്ടിണി സമരം സംഘടിപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം