ഇടുക്കി: മകനെയും പേരക്കുട്ടികളെയുമടക്കം 4 പേരെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിആലിയാക്കുന്നേല്‍ ഹമീദ് കുറ്റക്കാരനെന്ന് കോടതി. പ്രതിയുടെ ശിക്ഷ ഒക്ടോബര്‍ 30ന് വിധിക്കും.തൊടുപുഴ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
സ്വത്ത് തര്‍ക്കത്തിന്റെ പേരിലാണ് ഹമീദ് മകന്‍ മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്‌റിന്‍, അസ്‌ന എന്നിവരെ തീകൊളുത്തി കൊലപ്പെടുത്തിയത്. 2022 മാര്‍ച്ച് 18നായിരുന്നു നാടിനെ നടുക്കിയ ക്രൂര കൊലപാതകം ചെയ്തത്. കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടിലെ കിടപ്പുമുറി പുറത്ത് നിന്ന് പൂട്ടിയ ശേഷമായിരുന്നു ഹമീദ് തീ കൊളുത്തിയത്.
വീട്ടിലെ വാട്ടര്‍ ടാങ്ക് കാലിയാക്കിയ ശേഷം ജനല്‍ വഴി പെട്രോള്‍ നിറച്ച കുപ്പികള്‍ തീക്കൊളുത്തി അകത്തേക്ക് എറിയുകയായിരുന്നു ഹമീദ്. ബഹളം കേട്ട് അയല്‍വാസികളെത്തിയെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ ആരെയും രക്ഷിക്കാനും കഴിഞ്ഞില്ല. നേരത്തെ ഫൈസലിന് ഇഷ്ടദാനം നല്‍കിയ ഭൂമിയും വീടും തിരികെ നല്‍കണമെന്നായിരുന്നു ഹമീദിന്റെ ആവശ്യം. ഇതേചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടക്കൊലയില്‍ അവസാനിച്ചത്.
71 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് വാദം പൂര്‍ത്തിയാക്കിയത്. സംഭവത്തിന് ദൃക്‌സാക്ഷികളുടേതുടള്‍പ്പെടെയുളള മൊഴികള്‍ പ്രോസിക്യൂഷന് അനുകൂലമാണ്.