കൽപ്പറ്റ: നമ്പർ പ്ലേറ്റ് മണ്ണ് തേച്ച് മറച്ച നിലയിൽ കണ്ടെത്തിയ കാർ പരിശോധിച്ച പോലീസ് പിടികൂടിയത് ക്ഷേത്രക്കവർച്ചാ സംഘത്തെ. വടുവഞ്ചാൽ ചെല്ലങ്കോടുള്ള കരിയാത്തൻ കാവ് ക്ഷേത്രത്തിൽ മോഷണം നടത്തിയ മൂന്നംഗ സംഘമാണ് കൽപ്പറ്റ പോലീസിന്റെ പിടിയിലായത്.
കൽപ്പറ്റ ടൗണിൽ നൈറ്റ് പട്രോളിംഗിനിടെയാണ് എ.എസ്.ഐ. സി. മുജീബിന്റെ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംശയാസ്പദമായ രീതിയിൽ കാർ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ നിന്ന് മോഷണ മുതലായ പണവും ആംപ്ലിഫയറും കണ്ടെടുത്തു.
കോഴിക്കോട് പെരുമണ്ണ സ്വദേശി കെ. മുഹമ്മദ് സിനാൻ (20), പറമ്പിൽ ബസാർ സ്വദേശി റിഫാൻ (20), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് പിടിയിലായത്. പ്രതികളെ ചോദ്യം ചെയ്‌തുവരികയാണെന്ന് പോലീസ് അറിയിച്ചു.