കോഴിക്കോട്: ട്രെയിനുകള്‍ കടന്നുപോകാനായി അടച്ചിട്ട റെയില്‍വേ ഗേറ്റ് തുറക്കാന്‍ കഴിയാതെ വന്നതോടെ ഇതുവഴി യാത്ര ചെയ്യാനിരുന്ന നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി. കോഴിക്കോട് കടലുണ്ടി റെയില്‍വേ ലെവല്‍ ക്രോസിലാണ് സംഭവം നടന്നത്. വൈകീട്ട് 6.30ഓടെ ലെവല്‍ ക്രോസിലെ കിഴക്കുവശത്തെ ഓട്ടോമാറ്റിക് ഗേറ്റ് ഓപ്പണിംഗ് സംവിധാനം തകരാറിലാവുകയായിരുന്നു.
മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. മൂന്ന് ട്രെയിനുകള്‍ കടന്നുപോകാനായി ഗേറ്റ് അടച്ചെങ്കിലും അവ കടന്നുപോയശേഷം പടിഞ്ഞാറ് വശത്തുള്ള ഗേറ്റ് മാത്രമേ ഉയര്‍ത്താനായുള്ളൂ. ഈ ഗേറ്റ് തുറന്നതോടെ വാഹനങ്ങള്‍ ഒരുമിച്ച് റെയല്‍ വേ ട്രാക്കിലേക്ക് കയറി. വീണ്ടും ട്രെയിന്‍ വരുന്ന സമയത്ത് വലിയ അപകടം സംഭവിക്കാവുന്ന സാഹചര്യമാണ് പിന്നീട് ഉണ്ടായത്.
സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് റെയില്‍ പാളത്തിന് മുകളില്‍ നിന്ന് വാഹന യാത്രികരെ നീക്കുകയായിരുന്നു. ഇരുഭാഗത്തും കുടുങ്ങിയ യാത്രക്കാര്‍ പിന്നീട് കിലോമീറ്ററുകളോളം ചുറ്റിത്തിരിഞ്ഞാണ് യാത്ര തുടര്‍ന്നത്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഗേറ്റിന്‍റെ തകരാര്‍ പരിഹരിച്ചിട്ടുണ്ട്