ജറൂസലം: വെടിനിർത്തൽ കരാർ ലംഘിച്ച് ഗസ്സയിൽ വീണ്ടും ഇസ്രായേൽ വൻ വ്യോമാക്രമണം. 30 ഫലസ്തീനികൾ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും അടക്കം 50 ലേറെ പേർക്ക് പരിക്കേറ്റതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഗസ്സയിൽ മൂന്നിടങ്ങളിലാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. അൽ ശിഫ ആശുപത്രിക്ക് സമീപവും മിസൈൽ പതിച്ചു. ഇതോടെ, രണ്ടാഴ്ച നീണ്ട ഗസ്സ വെടിനിർത്തൽ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലായി.
ഗസ്സയിൽ വീണ്ടും ആക്രമണം നടത്താൻ ഇസ്രായേൽ വ്യാജ കഥകൾ മെനയുകയാണെന്ന് ഹമാസ് ആരോപിച്ചു. രണ്ടു വർഷത്തെ യുദ്ധം ബാക്കിയാക്കിയ കെട്ടിടാവശിഷ്ട കൂമ്പാരങ്ങൾക്കിടയിൽനിന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുക്കാൻ കൂടുതൽ സമയവും സന്നാഹങ്ങളും ആവശ്യമാണെന്നും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിെന്റ നേതൃത്വത്തിൽ ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിൽ ഒക്ടോബർ 10നാണ് ഗസ്സയിൽ വെടിനിർത്തൽ നിലവിൽ വന്നത്. ഇതിന് പിന്നാലെ, ജീവനോടെയുള്ള 20 ഇസ്രായേലി ബന്ദികളെ ഹമാസ് വിട്ടയച്ചു. പകരമായി ഇസ്രായേൽ ജയിലുകളിൽ കഴിഞ്ഞ 250 ഫലസ്തീൻകാരെയും ഗസ്സയിൽനിന്ന് തടവിലാക്കിയ 1718 പേരെയും ഇസ്രായേൽ വിട്ടയച്ചിരുന്നു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന 13 ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനൽകാൻ കാലതാമസം നേരിടുന്നു എന്ന് ആരോപിച്ച് ഗസ്സയിൽ വൻ ആക്രമണം നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉത്തരവിട്ടിരുന്നു. തിങ്കളാഴ്ച ഹമാസ് കൈമാറിയ മൃതദേഹ പേടകത്തിലുണ്ടായിരുന്നത് ബന്ദിയുടെ മൃതദേഹമല്ലെന്നും 2023ൽ ഇസ്രായേൽ സൈനികർ കണ്ടെടുത്ത മറ്റൊരു ബന്ദിയുടെ മൃതദേഹ ഭാഗങ്ങളായിരുവെന്നും ആരോപിച്ചാണ് നെതന്യാഹു ആക്രമണത്തിന് ഉത്തരവിട്ടത്. ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിനുശേഷമാണ് ആക്രമണ തീരുമാനം പ്രഖ്യാപിച്ചത്. റഫയിൽ സൈനികർക്കുനേരെ ഹമാസ് ആക്രമണം നടത്തിയതായും ഇസ്രായേൽ ആരോപിച്ചു.
ഇസ്രായേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ്, കാണാതായ തടവുകാരുടെ മൃതദേഹങ്ങൾ കൈമാറുന്നത് മാറ്റിവയ്ക്കുമെന്ന് അറിയിച്ചു. ഇസ്രായേലിന്റെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ തടസ്സപ്പെടുത്തുമെന്നും ഇത് ശേഷിക്കുന്ന 13 തടവുകാരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിൽ കാലതാമസമുണ്ടാക്കുമെന്നും ഇവർ പ്രസ്താവനയിൽ പറഞ്ഞു