പട്‌ന: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ കോണ്‍ഗ്രസിന്റെ താര പ്രചാരകരുടെ പട്ടികയില്‍ നിന്നും ശശി തരൂര്‍ പൂറത്ത്. കോണ്‍ഗ്രസ് നേതൃത്വം വ്യാഴാഴ്ച പ്രഖ്യാപിച്ച 40 താരപ്രചാരകരുടെ ലിസ്റ്റിനെച്ചൊല്ലി കോണ്‍ഗ്രസിനുള്ളിലും അതൃപ്തി പുകയുകയാണ്. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി തുടങ്ങിയവരാണ് കോണ്‍ഗ്രസ് പ്രചാരണത്തെ നയിക്കുന്നത്. രാഹുലിന്റെ പ്രചാരണത്തിന് ഇന്നു തുടക്കം കുറിക്കുകയാണ്.
ശശി തരൂരിന് പുറമേ, മുതിര്‍ന്ന നേതാക്കളും മുന്‍ കേന്ദ്രമന്ത്രിമാരുമായ സല്‍മാന്‍ ഖുര്‍ഷിദ്, ജയറാം രമേശ്, മനീഷ് തിവാരി, പ്രമോദ് തിവാരി തുടങ്ങിയവര്‍ സ്റ്റാര്‍ ക്യാംപെയ്‌നര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവരില്‍പ്പെടുന്നു. എല്ലാ മേഖലകളിലും ബഹുമാനിക്കപ്പെടുന്നവരും, ദേശീയതലത്തില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച നേതാക്കളുമാണ്. മികച്ച ആശയവിനിമയ വൈദഗ്ധ്യമുള്ളവരുമാണ്. ഇവരുടെ അഭാവം തെറ്റായ സന്ദേശം നല്‍കുന്നു' എന്ന് പേരു വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെ ഒരു മുതിര്‍ന്ന പാര്‍ട്ടി നേതാവ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
മെറിറ്റിനേക്കാള്‍ നേതൃത്വത്തിന്റെ വ്യക്തിപരമായ താല്‍പ്പര്യത്തിനാണ് പട്ടികയില്‍ പ്രധാന്യമെന്ന് കരുതുന്നതായി മറ്റൊരു നേതാവ് പ്രതികരിച്ചു. സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതില്‍ വിമര്‍ശനം നേരിട്ടവരെ ഉള്‍പ്പെടുത്തുകയും, ബഹുജന ആകര്‍ഷണീയതയുള്ള നേതാക്കളെ അവഗണിക്കുകയും ചെയ്തിരിക്കുന്നു. ഇത് സംഘടനാ പ്രാവീണ്യത്തേക്കാള്‍ വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നുവെന്ന് വിലയിരുത്തേണ്ടി വരുമെന്നും നേതാവ് സൂചിപ്പിച്ചു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തെറ്റായി ഇടപെട്ടുവെന്ന് ആക്ഷേപമുയര്‍ന്നിട്ടുള്ള ബിഹാറിന്റെ എഐസിസി ചുമതലയുള്ള കൃഷ്ണ അല്ലവരു, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് റാം, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ താരപ്രചാരക പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ അശോക് ഗെഹലോട്ട്, താരിഖ് അന്‍വര്‍, ഗൗരവ് ഗോഗോയ്, മുഹമ്മദ് ജാവേദ്, അഖിലേഷ് പ്രസാദ് സിങ് തുടങ്ങിയവരും താര പ്രചാരകരുടെ പട്ടികയിലുണ്ട്. കോണ്‍ഗ്രസ് അതിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ഉപേക്ഷിച്ചുവെന്നും കോര്‍പ്പറേറ്റ് സ്വാധീനത്തിന് കീഴടങ്ങിയെന്നും ആരോപിച്ച് ബിഹാര്‍ പിസിസി വക്താവ് ആനന്ദ് മാധബ് അടുത്തിടെ രാജിവെച്ചിരുന്നു.
എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ച് കേന്ദ്രം, ശുപാര്‍ശകള്‍ 18 മാസത്തിനകം; അടുത്ത ജനുവരി മുതല്‍ നടപ്പാക്കും
അതേസമയം താര പ്രചാരക പട്ടികയെ കോണ്‍ഗ്രസ് നേതൃത്വം ന്യായീകരിച്ചു. ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുമായി (ബിപിസിസി) കൂടിയാലോചിച്ചാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) പട്ടിക തയ്യാറാക്കിയതെന്നാണ് വിശദീകരണം. എല്ലാത്തരത്തിലുള്ള ആളുകളേയും ആകര്‍ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള, മുതിര്‍ന്നവരും യുവനേതാക്കളും ഉള്‍പ്പെടുന്ന സന്തുലിത സംഘത്തെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. താഴെത്തട്ടില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരും യുവാക്കളുമായും പ്രാദേശിക വോട്ടര്‍മാരുമായും നേരിട്ട് ബന്ധപ്പെടാന്‍ കഴിയുന്നവരുമായ നേതാക്കള്‍ക്കാണ് ഊന്നല്‍ നല്‍കിയതെന്നുമാണ് നേതൃത്വം പറയുന്നത്.