കണ്ണൂര്‍: പി എം ശ്രീക്കെതിരായ അടിയന്തരപ്രമേയത്തിൽ നിന്ന് വിട്ടുനിന്ന് സിപിഐ. കണ്ണൂർ കോർപ്പറേഷനിൽ ഭരണ പക്ഷം കൊണ്ടുവന്ന പ്രമേയത്തിൽ നിന്നാണ് സിപിഐ അംഗം വിട്ടു നിന്നത്. പാർട്ടിക്ക് വ്യക്തമായ നിലപാടുണ്ടെന്ന് സിപിഐ അംഗം കെ.പി അനിത വ്യക്തമാക്കി. സിപിഎം - ബിജെപി അംഗങ്ങൾ എതിർത്തു.
യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപറേഷനിൽ കഴിഞ്ഞ ദിവസമാണ് യുഡിഎഫ് കൗൺസിലർ പിഎം ശ്രീ സംബന്ധിച്ച പ്രമേയം കൊണ്ടുവന്നത്. എൽഡിഎഫിന് 19ഉം ബിജെപിയ്ക്ക് ഒരു കൗൺസിലറുമാണ് ഇവിടെയുള്ളത്. ഇതിൽ സിപിഐയുടെ ഏക കൗൺസിലറാണ് അനിത.
അതേസമയം പിഎം ശ്രീയിൽ സിപിഐയുടെ നിര്‍ദേശം അംഗീകരിക്കാന്‍ തയ്യാറാണെന്ന് സിപിഎം അറിയിച്ചിട്ടുണ്ട്. പിഎം ശ്രീ പദ്ധതിയിലെ അഭിപ്രായ ഭിന്നതയില്‍ സർക്കാർ അസാധാരണ പ്രതിസന്ധിയിലായിരുന്നു.മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുകയും സമിതി വിഷയം പഠിക്കുകയും ചെയ്യും. മാനദണ്ഡങ്ങളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയക്കാൻ തീരുമാനിച്ചു. അതുവരെ കരാർ മരവിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെടും തുടങ്ങിയ വ്യവസ്ഥകളാണ് ഒത്തുതീര്‍പ്പിലുള്ളത്. ഇരുപാർട്ടികളുടെയും ദേശീയ നേതൃത്വം മുന്നോട്ടവെച്ച സമവായ നിർദേശം അംഗീകരിച്ചാണ് തീരുമാനം.