ന്യുഡൽഹി: മാലിന്യവും വിഷപ്പതയും നിറഞ്ഞ യമുന ഒഴിവാക്കി, ശുദ്ധീകരിച്ച വെള്ളം നിറച്ച കൃത്രിമ യമുന ഒരുക്കിയെങ്കിലും ഛഠ് പൂജാ ദിനത്തിൽ മുങ്ങിക്കുളിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയില്ല.
ന്യൂഡൽഹിയിലെ ബി.ജെ.പി സർക്കാർ നേതൃത്വത്തിൽ യമുനാ തീരത്തോട് ചേർന്ന് കുടിവെള്ളം നിറച്ച് നിർമിച്ച ‘കൃത്രിമ ജലാശയ’ത്തിനെതിരെ എ.എ.പി ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയതോടെയാണ് മുൻ നിശ്ചയിച്ച ചടങ്ങുകളിൽ നിന്നും പ്രധാനമന്ത്രി പിൻവാങ്ങിയതെന്നാണ് റിപ്പോർട്ട്.
ന്യൂഡൽഹി വസുദേവഘട്ടതിലെ യമുനാ തീരത്ത് പ്രത്യേകം തടയണകൾ നിർമിച്ച് തയ്യാറാക്കിയ കൃത്രിമ യുമന സാമൂഹിക മാധ്യമങ്ങളിലും മറ്റും വലിയ പരിഹാസ്യമായി മാറിയിരുന്നു.
ബിഹാറിൽ നവംബർ ആദ്യ വാരത്തിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛഠ് ഉത്സവത്തോടനുബന്ധിച്ച് കെട്ടിയുണ്ടാക്കിയ കൃത്രിമ യമുന വലിയ വിവാദമായി മാറി. നദിയിലെ കടുത്ത മലിനീകരണം മറച്ചുവെച്ചുകൊണ്ട് പ്രധാനമന്ത്രിക്കായി ശുദ്ധീകരിച്ച വെള്ളം നിറച്ച് മറ്റൊരു യമുന നിർമിച്ചുവെന്നായിരുന്നു ആരോപണം.
ഭക്ത ജനങ്ങൾ യമുനയിലെ മലിനമായ ജലത്തിൽ നിൽക്കുമ്പോൾ പ്രധാനമന്ത്രിക്കായി ശുദ്ധജലം നിറച്ച കൃത്രിമ യമുന ഒരുക്കിയതിനെതിരെ ആം ആദ്മി പാർട്ടി നേതാവും മുൻ മന്ത്രിയുമായ സൗരഭ് ഭരദ്വാജ് രംഗത്തു വന്നിരുന്നു. പിന്നാലെ, സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിച്ചു.
നാലു ദിവസത്തെ ഛഠ് പൂജ ഉത്സവത്തിനിടെ, ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി യമുനയിൽ സ്നാനം നടത്താൻ എത്തുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, കൃത്രിമ യമുന വിവാദമായതോടെ, ബിഹാർ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി മാറും എന്ന ഭീതിയിൽ പ്രധാനമന്ത്രിയുടെ സ്നാനം അവസാന നിമിഷം റദ്ദാക്കിയതായി സൗരഭ് ഭരദ്വാജ് പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പിന് മുമ്പ് ഫോട്ടോ ഷൂട്ടിനുള്ള അവസരമാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യമുന ശുചീകരണത്തിൽ ബി.ജെ.പി സർക്കാറിന്റെ വീഴ്ചയെ എ.എ.പി വിമർശിച്ചു.
കിഴക്കൻ കനാലിൽ നിന്ന് യമുനയിലേക്ക് വെള്ളം തിരിച്ചുവിടുകയും, വിഷ പത നശിപ്പിക്കുന്ന രാസവസ്തുക്കൾ ഉപയോഗിക്കുകയും ചെയ്താണ് തട്ടിപ്പ് ശുചീകരണം നടത്തിയതെന്ന് സൗരഭ് ഭരദ്വാജ് ചൂണ്ടികാട്ടി. യമുനയിലെ വെള്ളം മാലിന്യമുക്തമാണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രി രേഖ ഗുപ്തയെ വെല്ലുവിളിക്കുകയും ചെയ്തു.