അത്തോളി: മാരക ലഹരിമരുന്നായ എംഡിഎംഎ കൈവശം വെച്ചതിന് അത്തോളിയിൽ ബസ് ഡ്രൈവർ പിടിയിൽ. ബാലുശ്ശേരി തുരുത്തിയാട് നടുവിലെടുത്ത് അക്ഷയ് (28) ആണ് പിടിയിലായത്. കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവറാണ് യുവാവ്. 0.44 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തത്.
കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ നിരന്തരം റോഡ് അപകടങ്ങൾ പതിവാണ്. ബസ് തൊഴിലാളികൾ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുവെന്ന പരാതി ഉയരുകയും ചെയ്തതോടെ പോലീസ് ബസ് തൊഴിലാളികളെ നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. പേരാമ്പ്ര ഡിവൈഎസ്പി രാജേഷ് എം.പിയുടെ നിർദ്ദേശപ്രകാരം അത്തോളി എസ്ഐ മുഹമ്മദലി എം.സിയും ഡ്രൈവർ സിപിഒ പ്രവീൺ കെ.യുവും ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗവും ചേർന്നാണ് യുവാവിനെ പിടികൂടിയത്.